28 സീറ്റുകളിൽ ഇന്ത്യാമുന്നണി മൂന്നാം സ്ഥാനത്ത്: എഐഎംഐഎം 5 മണ്ഡലങ്ങളിൽ രണ്ടാമത്; ബിജെപിയുടെ ബി ടീം?
Mail This Article
മുംബൈ∙ സ്വതന്ത്രരും ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ആധിപത്യം പുലർത്തിയ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾ 28 സീറ്റിൽ മൂന്നാമതും ഒരു സീറ്റിൽ നാലാമതുമായി ഒതുങ്ങി. ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ് ആരോപിക്കുന്ന ഉവൈസിയുടെ എഐഎംഐഎം 5 മണ്ഡലങ്ങളിൽ രണ്ടാമതെത്തി.
ഇന്ത്യാമുന്നണിയിൽ ഏറ്റവും കൂടുതൽ സീറ്റ് (20) നേടിയെങ്കിലും ആകെ മത്സരിച്ച 95 മണ്ഡലങ്ങളിൽ 18 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് എത്താൻ പോലും ശിവസേനയ്ക്ക് (ഉദ്ധവ്) കഴിഞ്ഞില്ല. നാസിക്കിലെ നന്ദ്ഗാവിൽ നിന്ന് മത്സരിച്ച ഉദ്ധവ് വിഭാഗം സ്ഥാനാർഥി ഗണേശ് ധാത്റക് നാലാമതാണ്. ശിവസേനാ (ഷിൻഡെ) സ്ഥാനാർഥി സുഹാസ് കാൺഡെയാണ് ഇവിടെ വിജയിച്ചത്. വറോറ, വസായ്, സോലാപുർ സിറ്റി, ഔറംഗാബാദ് ഈസ്റ്റ്, അമൽനേർ, അജൽപുർ എന്നിങ്ങനെ 6 സീറ്റിലാണ് കോൺഗ്രസ് മൂന്നാമതെത്തിയത്. 5 മണ്ഡലങ്ങളിൽ എൻസിപിയും (ശരദ്) മൂന്നാമതെത്തി.
ബിജെപിയുടെ ബി ടീം?
ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം മത്സരിച്ച 16 സീറ്റുകളിൽ ഒരിടത്ത് (മാലെഗാവ് സെൻട്രൽ) മാത്രമാണ് വിജയിച്ചതെങ്കിലും 5 മണ്ഡലങ്ങളിൽ രണ്ടാമതെത്തി. സ്ഥാനാർഥികളെല്ലാം ചുരുങ്ങിയത് 20000–50000 വോട്ട് നേടുകയും ചെയ്തു. 3 സീറ്റിൽ മൂന്നാമതും 6 സീറ്റിൽ നാലാമതും ഒരു സീറ്റിൽ അഞ്ചാമതുമായി.
11.56 ശതമാനമാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ. 20 ശതമാനത്തിലേറെ മുസ്‌ലിം വോട്ടുകളുള്ള 31 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ സീറ്റുകളിൽ മത്സരിച്ച 13ൽ പത്തിലും വിജയിച്ച് ബിജെപി വലിയ മുന്നേറ്റം നടത്തി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും അവർക്കുതന്നെ. ശിവസേന (ഷിൻഡെ) 6 സീറ്റിലും ഉദ്ധവ് വിഭാഗം 5 സീറ്റിലും വിജയിച്ചു. ന്യൂനപക്ഷ ബെൽറ്റുകളിൽ വലിയ സ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് 4 സീറ്റിലും എൻസിപി (ശരദ്) ഒരു സീറ്റിലും ഒതുങ്ങി.
എഐഎംഐഎം സ്ഥാനാർഥി മുഫ്തി ഇസ്മായിൽ വിജയിച്ച മാലെഗാവ് സെൻട്രൽ സീറ്റിൽ 162 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ വിജയം. ഇസ്‌ലാം പാർട്ടിയുടെ ആസിഫ് ഷെയ്ക്ക് റഷീദാണ് രണ്ടാമതെത്തിയത്. ഉവൈസിയുടെ പാർട്ടി രണ്ടാമതെത്തിയ എല്ലാ സീറ്റിലും മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ അവർക്കായി. ബിജെപിയുടെ ബി ടീമെന്ന ആരോപണത്തെയും നേതാക്കൾ നിഷേധിച്ചു. ‘‘ആരുടെയും ബി ടീമല്ല. ഞങ്ങൾക്ക് വിജയം ഉറപ്പായിരുന്ന ന്യൂനപക്ഷ ബെൽറ്റുകളിലെല്ലാം സ്ഥാനാർഥികളെ നിർത്തി വോട്ടു വിഭജനത്തിന് ഇന്ത്യാമുന്നണി ആക്കം കൂട്ടുകയായിരുന്നു.
ഇതോടെ എൻഡിഎയുടെ വിജയം എളുപ്പമായി– എഐഎംഐഎം മുംബൈ സിറ്റി അധ്യക്ഷൻ റഈസ് ലഷ്കറിയ പറഞ്ഞു.