സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ; ബിഹാറിൽ മഹാരാഷ്ട്ര മോഡൽ വിജയം ആവർത്തിക്കാൻ എൻഡിഎ
Mail This Article
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മോഡൽ വൻജയം ആവർത്തിക്കാനുള്ള കർമ്മ പദ്ധതിയുമായി എൻഡിഎ നേതൃത്വം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൻഡിഎ സഖ്യം ജില്ലാതലത്തിൽ ഐക്യസമ്മേളനങ്ങൾ നടത്തും. എൻഡിഎയിലെ അഞ്ചു സഖ്യകക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിച്ചു ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയാകും ജില്ലാതല സംയുക്ത പ്രവർത്തക യോഗങ്ങൾ.
ജനതാദൾ(യു), ബിജെപി, എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളാണ് നിലവിൽ ബിഹാറിലെ എൻഡിഎയിലുള്ളത്. ജില്ലാതല സംയുക്ത യോഗങ്ങളിൽ അഞ്ചു കക്ഷികളുടെയും സംസ്ഥാന അധ്യക്ഷർ പങ്കെടുക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതയിൽ ചേർന്ന എൻഡിഎ നേതൃയോഗമാണ് കർമ്മ പദ്ധതിക്കു രൂപം നൽകിയത്. ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 225ലും എൻഡിഎ ജയം എന്ന വൻലക്ഷ്യമാണു നിതീഷിന്റേത്. മുന്നണി സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേ പൂർത്തിയാക്കാനും തീരുമാനമായി.