തിരുനെല്ലിയിൽ ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവം: സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
Mail This Article
കൽപറ്റ ∙ തിരുനെല്ലി കൊല്ലിമൂലയിൽ ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസേവറ്റർ കെ.എസ്.ദീപയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ 3 കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചിരുന്ന കൂരകളാണു വനം വകുപ്പ് പൊളിച്ചുമാറ്റിയത്. വിദ്യാർഥികളും കൈക്കുഞ്ഞുങ്ങളും അടക്കമുള്ളവർ വീട് പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അന്തിയുറങ്ങിയ സാഹചര്യം ഉണ്ടായതോടെ കനത്ത പ്രതിഷേധം ഉടലെടുത്തു. മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ആദിവാസി കുടുംബങ്ങളുടെ വീടുകൾ ബദൽ സംവിധാനമില്ലാതെ പൊളിച്ചുമാറ്റിയ വനം വകുപ്പ് നടപടിക്കെതിരെ തോൽപ്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം തുടങ്ങി.
വീട് പൊളിച്ച സംഭവത്തിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നു മന്ത്രി ഉറപ്പ് നൽകിയിരുന്നു. കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കും വരെ വനം വകുപ്പിന്റെ ഡോർമിറ്ററിയിൽ താമസിപ്പിക്കുമെന്നും ഇവരുടെ ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്നും വൈൽഡ് ലൈഫ് വാർഡൻ രേഖാമൂലം ഉറപ്പ് നൽകി. മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹം 10 വർഷം പ്രസിഡന്റായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ പണിയ ഉന്നതിയിലെ 3 കുടുംബങ്ങളാണ് വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായത്.