ഉദ്ധവ് വിഭാഗത്തിന്റെ തോൽവിയിൽ നിർണായകമായി; പക്ഷേ, എംഎൻഎസിന് അംഗീകാരവും ചിഹ്നവും പോകും
Mail This Article
മുംബൈ∙ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് (എംഎൻഎസ്) തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കാരണം പ്രാദേശിക പാർട്ടി സ്ഥാനവും ചിഹ്നവും നഷ്ടപ്പെട്ടേക്കും. മത്സരിച്ച 130 സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ലെന്നു മാത്രമല്ല രാജ് താക്കറെയുടെ മകൻ അമിത് കന്നിയങ്കത്തിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.
അംഗീകാരം നിലനിർത്താൻ ഒരു പാർട്ടി കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുകയോ മൊത്തം വോട്ടിന്റെ എട്ടു ശതമാനം നേടുകയോ ചെയ്യണം. അല്ലെങ്കിൽ ആറു ശതമാനം വോട്ടോടെ രണ്ട് സീറ്റോ മൂന്ന് ശതമാനം വോട്ടോടെ മൂന്ന് സീറ്റോ നേടണം. എംഎൻഎസിന് ആകെ 1.8% വോട്ടുമാത്രമാണു നേടാനായത്. തിരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാതിരുന്ന പാർട്ടി പല സീറ്റുകളിലും ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പരാജയത്തിലും നിർണായകമായി. നഗരത്തിൽ ബിജെപി നേതാക്കൾ മത്സരിച്ചിരുന്ന ഏഴോളം സീറ്റുകളിൽ എംഎൻഎസ് സ്ഥാനാർഥിയെ നിർത്തിയില്ല.
വർളിയിൽ ആദിത്യ താക്കറെയുടെ ഭൂരിപക്ഷം കുറയ്ക്കാനും എംഎൻഎസ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ, 2009ൽ 13 സീറ്റുകൾ നേടിയ എംഎൻഎസ് 2019ൽ ഒരു സീറ്റ് നേടിയിരുന്നു.
സംസ്ഥാന പാർട്ടിയായി അംഗീകരിക്കാനുള്ള ചില മാനദണ്ഡങ്ങൾ
∙ അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 6% വോട്ട്, 2 എംഎൽഎമാരും (അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 6% വോട്ടും ഒരു എംപിയും)
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 3% വോട്ടോ, 3 എംഎൽഎമാരോ
∙ ഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എംപി
∙ ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ 8 ശതമാനം വോട്ട്