ADVERTISEMENT

തൃശൂർ∙ നാട്ടികയിൽ തടിലോറി നാടോടി സംഘത്തിനിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറെയും ക്ലീനറെയും യുവാക്കൾ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഞ്ച് പേരുടെ ദാരണാന്ത്യത്തിൽ കലാശിച്ച അപകടത്തിന് ശേഷം ലോറിയുമായി രക്ഷപ്പെടുകായിരുന്ന ക്ലീനർ അലക്സിനെയും ‍‍ഡ്രൈവർ ജോസിനെയും സർവീസ് റോ‍ഡിൽ വച്ച് യുവാക്കൾ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽനിന്നു തന്നെ ഇരുവരും മദ്യലഹരിയിലായിരുന്നെന്നത് വ്യക്തമാണ്.

സമീപത്തെ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രദേശവാസികളായ യുവാക്കളാണ് ലോറി തടഞ്ഞ് ഇവരെ പിടികൂടിയത്. ലോറി ഓടിച്ചിരുന്ന അലക്സിനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ജോസിനെയും ഇവർ പിടികൂടി താഴെയിറക്കി. എന്നാൽ മദ്യപിച്ച് ലക്കു കെട്ടിരുന്ന ഇവർക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. അപകടം നടന്ന സമയത്ത് ലോറി ഓടിച്ചിരുന്ന അലക്സ് മുഖം പൊത്തി നിലത്തിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ഇവരെ യുവാക്കൾ പിടിച്ചു നിർത്തുന്നതും ഇവരോട് കയർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ പിന്നീട് വലപ്പാട് പൊലീസിന് കൈമാറി.

തൃപ്രയാറിനടുത്തു നാട്ടികയില്‍ തടിലോറി നാടോടിസംഘത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ നിർമാണം നടക്കുന്ന ദേശീയപാതയിലായിരുന്നു അപകടം. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. പാലക്കാട് മീങ്കര ചെമ്മണംതോട്ടിൽ കാളിയപ്പന്‍ (55), ഭാര്യ നാഗമ്മ (45), മരുമകൾ രാജേശ്വരി (22), പേരക്കുട്ടികളായ ജീവന് (5), വിശ്വ (1) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ അലക്സിനെയും ജോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഓടിച്ചിരുന്ന ലോറിയുടെ റജിസ്ട്രേഷൻ എംവിഡി റദ്ദാക്കും.

English Summary:

Natika Accident: Local Youths Capture Drunk Driver & Cleaner After Fatal Hit and Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com