8 ജില്ലകളിൽ യെലോ അലർട്ട്; തെക്കൻ കേരള തീരത്ത് മീൻപിടിക്കാൻ പോകരുത്
Mail This Article
തിരുവനന്തപുരം ∙ 3 ദിവസം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 27ന് ഇടുക്കി, പാലക്കാട്, മലപ്പുറം, 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 29 വരെ മീൻപിടിക്കാൻ പോകരുത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്കും മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
ശബരിമലയിൽ മുന്നറിയിപ്പ്
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യും. ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്.