ADVERTISEMENT

കൊച്ചി∙ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലവും നൽകണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്പെക്ടർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകിയത്. സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നതു തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി വ്യക്തമാക്കി.

ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകൾ നിർമിക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രോട്ടോകോൾ പ്രകാരം പ്രതിയുടെ താഴെയുള്ളവരാണ്. നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്തമാണ്. അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ്. പ്രത്യേകാന്വേഷണ സംഘം എന്ന പേരുമാത്രമേയുള്ളൂ എന്നും ഹർജിക്കാർ വാദിച്ചു. ‌

എഡിഎമ്മിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്നു സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി ആരാഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. നവീൻ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്നു ഹർജിക്കാർ പറഞ്ഞു.

ഹർജിയിൽ തീർപ്പാകുന്നതുവരെ അന്വേഷണസംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതു തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നും അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുന്നതല്ലേ നല്ലത് എന്നും കോടതി ചോദിച്ചു. തുടർന്നാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്റെ ഇൻസ്പെക്ടറോട് കേസ് ഡയറി ഹാജരാക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചത്.

English Summary:

ADM Naveen Babu Death News: Kerala High Court on Naveen's Wife Manjusha's Plea for CBI Investigation- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com