നവീന്‍ ബാബുവിന്റെ മരണം: ‘സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; പ്രതികളെ രക്ഷിക്കാനുള്ള കള്ളക്കളി അവസാനിപ്പിക്കണം’
Mail This Article
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നവീന്‍ ബാബുവിനെതിരെ കള്ളപരാതി നല്‍കിയവര്‍ക്കെതിരെയും കള്ള ഒപ്പിട്ടവര്‍ക്കെതിരെയും നടപടിയെടുക്കാത്തത് എന്താണെന്നും സതീശന്‍ ചോദിച്ചു.
എഡിഎമ്മിന്റെ മരണത്തിനു ശേഷം പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടി നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. മരണം കൊലപാതകണാണെന്ന് വരെ കുടുംബം സംശയിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കളി അവസാനിപ്പിച്ച് കുടുംബം ആവശ്യപ്പെടുന്നതു പോലെ സിബിഐ അന്വേഷണത്തിനു കോടതിയില്‍ സമ്മതം അറിയിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
‘‘നവീന്‍ ബാബുവിന്റെ കേസില്‍ സര്‍ക്കാരും സിപിഎമ്മും ഇരകളോടൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയവരെ കുറിച്ച് ഒരന്വേഷണവും ഇല്ല, അവരെ ചോദ്യം ചെയ്യുന്നില്ല. കള്ള ഒപ്പിട്ട് പരാതി കൊടുത്ത ആള്‍ക്കെതിരെ നടപടിയില്ല. പാര്‍ട്ടി സെക്രട്ടറി നവീന്റെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പമാണെന്ന് പറയുകയും അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയെ കേസിലെ പ്രതി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പറഞ്ഞയക്കുകയും ചെയ്തു. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിതെന്നും സതീശന്‍ ആരോപിച്ചു.