‘അവസാന പന്ത് വരെ പോരാടണം, പിന്നോട്ടു പോകരുത്’: അണികളോട് ഇമ്രാൻ ഖാൻ
Mail This Article
ഇസ്‌ലാമാബാദ് ∙ അവസാന പന്ത് വരെ പോരാടാനും പിന്നോട്ടു പോകരുതെന്നും അണികൾക്കു നിർദേശം നൽകി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘‘എന്റെ ടീമിന് എന്റെ സന്ദേശം വ്യക്തമാണ്. അവസാന പന്ത് വരെ പോരാടൂ. നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതു വരെ നമ്മൾ പിന്നോട്ടു പോകില്ല. ഇതുവരെ പ്രതിഷേധ മാർച്ചിൽ പങ്കുചേരാത്തവർ ഇസ്‌ലാമാബാദിലെ ഡി-ചൗക്കിൽ എത്തണം. സമാധാനപരമായ പ്രതിഷേധത്തിനു വേണ്ടി, ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പിരിഞ്ഞുപോകരുത്’’ – ഇമ്രാൻ പറഞ്ഞു. ഒന്നിലധികം കേസുകളിൽ 2023 ഓഗസ്റ്റ് മുതൽ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്നായിരുന്നു ഇമ്രാന്റെ സന്ദേശം.
‘‘സൈനിക കോടതികളിൽ വിചാരണ ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നവരോട്, എനിക്കു വ്യക്തമായ സന്ദേശമുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഞാൻ എന്റെ നിലപാടിൽനിന്നു പിന്മാറില്ല. ക്രൂരതകൾക്കിടയിലും ഞങ്ങളുടെ ആളുകൾ സമാധാനപരമായി നിലകൊള്ളുക മാത്രമല്ല, പരുക്കേറ്റ പൊലീസുകാരെയും ആക്രമണം നടത്തിയ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. പിന്തുണ നൽകുകയും ഫണ്ട് അയയ്ക്കുകയും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ പാക്കിസ്ഥാനികൾക്കും അഭിനന്ദനം.’’ – ഇമ്രാൻ വ്യക്തമാക്കി.
ഇമ്രാന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ആറു പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെയാണു സംഘർഷം കൂടുതൽ അക്രമാസക്തമായത്. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു.
സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധമുണ്ടായാൽ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു.