ADVERTISEMENT

വാഷിങ്‌ടൻ ∙ ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിൽനിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ നിലവിൽ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന.

വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും കരാർ ലംഘിച്ചാൽ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഇസ്രയേൽ – ലബനൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതോടെ ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്നും ബൈഡൻ പറ​ഞ്ഞു.

യുഎസും ഫ്രാൻസും മധ്യസ്ഥത വഹിച്ചാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. വെടിനിർത്തൽ ധാരണയെ ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. വെടിനിർത്തൽ തീരുമാനം ലബനനിലെയും വടക്കൻ ഇസ്രയേലിലെയും സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. ഗാസയിലും വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു.

English Summary:

Israel, Hezbollah agree on ceasefire- US President Joe Biden announced that Israel and Lebanon's Hezbollah have accepted a US-brokered peace deal that is designed to be a "permanent cessation" of hostilities between the two sides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com