‘രാജഭരണമല്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം’: ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന് നിർദേശിച്ചതെന്നും ഹൈക്കോടതി. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് വിവിധ ദേവസ്വങ്ങൾ കോടതിയിലെത്തിയത്. എഴുന്നള്ളത്തിൽ ആനകൾ തമ്മില്‍ 3 മീറ്റർ അകലം വേണമെന്ന നിബന്ധന പാലിച്ചാൽ 15 ആനകളെ എഴുന്നള്ളിക്കുന്ന പതിവ് തുടരാനാവില്ലെന്നു തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രാധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അനിവാര്യമായ മതാചാരങ്ങളാണെങ്കിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മുൻപുണ്ടായിരുന്നത്ര ആളുകളല്ല ഇപ്പോൾ ഉത്സവത്തിന് വരുന്നത്. ആനകള്‍ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നാണ് സുപ്രീം കോടതി വിധി. ആ നിശ്ചിത പരിധി തങ്ങൾ കണക്കാക്കുന്നത് 3 മീറ്ററാണ്. അത് കുറയ്ക്കാൻ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിഗണിക്കാം. അതിനാവശ്യമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാനും അല്ലാത്ത പക്ഷം മാർഗനിര്‍ദേശങ്ങളിൽ ഇളവു നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇത് ഹൈക്കോടതിയുടെ ഉത്തരവല്ല, സുപ്രീം കോടതി ഉത്തരവാണ്. ആ ഉത്തരവ് നടപ്പാക്കാനുള്ള മാർഗനിര്‍ദേശങ്ങളാണ് നൽകുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കലക്ടര്‍മാര്‍ക്ക് നിരീക്ഷണച്ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആനകൾ തമ്മിൽ മൂന്നു മീറ്റർ ദൂരപരിധി പാലിക്കണം. തീവെട്ടികളിൽ നിന്നും അഞ്ചു മീറ്റർ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടു മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ നേരത്തേ നൽകിയിരുന്നു.