ഡോ. സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാല വിസി; ഡോ. കെ.ശിവപ്രസാദ് കെടിയു വിസി: ചുമതല നൽകി ഗവർണർ
Mail This Article
തിരുവനന്തപുരം∙ കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിന് വീണ്ടും വിസി നിയമനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയാണ് ഡോ. സിസ തോമസിനെ നിയമിച്ചിരിക്കുന്നത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ പേരില്‍ സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് അവരെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി നിയമിച്ചിരിക്കുന്നത്. ഇതിനു പുറമേ സംസ്ഥാന സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡോ.കെ.ശിവപ്രസാദിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (കുസാറ്റ്) ഷിപ്പ് ടെക്‌നോളജി പ്രഫസറാണ് ഡോ.കെ.ശിവപ്രസാദ്.
സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്ന് താല്‍ക്കാലിക വിസിയെ നിയമിക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കണ്ണൂര്‍ സര്‍വകലാശാല വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇന്ന് സാങ്കേതിക യൂണിവേഴ്‌സിറ്റിയിലും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലും വിസിമാരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്. സര്‍ക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാലയുടെ വിസി ആയി ചുമതല ഏറ്റെടുത്തതിന്റെ പേരില്‍, ഒന്നര വര്‍ഷം മുന്‍പ് വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. നിയമനം ശരിവച്ച് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ല.
സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസി നിയമനം നടക്കാത്ത സാഹചര്യത്തില്‍ പുതിയ വിസി നിയമനത്തിനു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ മാസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 10 വര്‍ഷത്തെ പ്രഫസര്‍ഷിപ്പോ അക്കാദമിക മേഖലയിലെ ഭരണപരമായ തസ്തികയില്‍ 10 വര്‍ഷത്തെ മുന്‍പരിചയമോ വേണം. 61 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. സെലക്‌ഷന്‍ കമ്മിറ്റി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പാനല്‍ തയാറാക്കി ചാന്‍സലര്‍ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കെയാണ് സ്ഥിരം വിസിയെ നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസിയായിരുന്ന ഡോ.സജി ഗോപിനാഥിന്റെ കാലാവധി കഴിഞ്ഞതോടെയാണു അദ്ദേഹം അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സര്‍വകലാശാലയ്ക്കും വിസി ഇല്ലാതായത്. താല്‍ക്കാലിക വിസി നിയമനത്തിനു 3 പേരുടെ പാനല്‍ സര്‍ക്കാര്‍ തയാറാക്കിയെങ്കിലും ഗവര്‍ണര്‍ അതില്‍ നിന്നു നിയമനം നടത്താന്‍ തയാറായിരുന്നില്ല.
കെടിയുവിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സേര്‍ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഈ നടപടിയെ വെല്ലുവിളിച്ച് സര്‍ക്കാരും പുതിയ സേര്‍ച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റിയില്‍ യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയിരുന്നു. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വകലാശാല പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. സേര്‍ച് കമ്മിറ്റി രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് സര്‍വകലാശാലകള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.