പ്രതിപക്ഷ ബഹളം: ലോക്സഭയും രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു
Mail This Article
ന്യൂഡൽഹി∙ അദാനി, സംഭൽ വിഷയങ്ങളിലെ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു. ലോക്സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടാണു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കീഴ്‌വഴക്കങ്ങൾ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ബഹളം തുടർന്നതിനാൽ ലോക്സഭ ആദ്യം 12 മണി വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും 11.30 വരെ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും ചേർന്നപ്പോഴും ലോക്സഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. പ്രതിപക്ഷ ബഹളം തുടർന്നതിനെത്തുടർന്ന് ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശപ്പെട്ട് രാജ്യസഭയിൽ രൺദീപ് സിങ് സുർജേവാല നോട്ടിസ് നൽകിയിരുന്നു. ലോക്സഭയിൽ ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടിസ് നൽകിയത്. മണിപ്പുരിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് എംപി ഹൈബി ഈഡനും നോട്ടിസ് നൽകിയിരുന്നു.
വഖഫ് ഭേദഗതി ബില്ലിന്മേൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) ഇന്ന് യോഗം ചേരും. ജെപിസിയിയുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് സ്പീക്കർ ഓം ബിർലയോട് സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്.