‘കാവൽ’ സ്ഥിരമാക്കാൻ ഷിൻഡെ; വിട്ടുകൊടുക്കാതെ ഫഡ്നാവിസ്

Mail This Article
മുംബൈ∙ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന വാദത്തിൽ ശിവസേന (ഷിൻഡെ) ഉറച്ചുനിൽക്കുന്നതിനാൽ മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ഉറപ്പിച്ച ബിജെപിയുടെ മുതിർന്ന നേതാക്കൾ ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവരുമായി ചർച്ച നടത്തി ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞ നടത്താനുളള കരുനീക്കത്തിലാണ്.
നിയമസഭയുടെ കാലാവധി കഴിഞ്ഞതോടെ ഷിൻഡെ രാജിക്കത്ത് നൽകിയെങ്കിലും കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ സി.പി. രാധാകൃഷ്ണൻ നിർദേശിച്ചു. ഷിൻഡെയുടെ തുടർഭരണത്തിനായി അദ്ദേഹത്തിന്റെ അണികൾ നൂറോളം േക്ഷത്രങ്ങളിൽ പ്രത്യേക പൂജ നടത്തി. സഖ്യകക്ഷികളെ പിണക്കി തിരക്കിട്ടുള്ള പ്രഖ്യാപനം വേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. മന്ത്രിമാരുടെ വകുപ്പുകളടക്കം തീരുമാനിച്ച് പഴുതടച്ചു നീങ്ങാനും നിർദേശിച്ചിട്ടുണ്ട്. തന്റെ പാർട്ടിയുടെ നേതാവ് മുഖ്യമന്ത്രിയായി തുടരുന്നതു കാണാനാണ് ആഗ്രഹമെന്നും എന്നാൽ, നരേന്ദ്ര മോദിയും അമിത് ഷായും എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും ഷിൻഡെ വിഭാഗം നേതാവ് ദീപക് കേസർക്കർ പറഞ്ഞു.