ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണം: ധാക്ക ഹൈക്കോടതിയിൽ ഹർജി
Mail This Article
ധാക്ക∙ ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയിൽ ഹർജി. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലദേശിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്.
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട രണ്ടായിരത്തോളം പേർ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകൻ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയപ്പോൾ മതമൗലികവാദ സംഘടനയാണെന്ന നിലപാടാണ് അറ്റോർണി ജനറൽ കോടതിയിലെടുത്തത്.
ഇന്ത്യയെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണു പുതിയ നീക്കം. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലും ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്കോൺ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്നു അറസ്റ്റ് ചെയ്തത്.