ADVERTISEMENT

വാളയാർ∙ ‌പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട പിക്കപ് വാൻ അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രാത്രിയിലെത്തി തീയിട്ടു നശിപ്പിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് ഇന്നലെ രാത്രി മറ്റൊരു കേസിലെ പ്രതി തീയിട്ടത്. ചുള്ളിമട സ്വദേശി പോൾരാജിനെ (50) സംഭവത്തിൽ പൊലീസ് അറസ്‌റ്റു ചെയ്‌തു.

ജനവാസ മേഖലയിൽ പ്ലാസ്‌റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ. ബുധൻ രാത്രി 8.10നാണ് സംഭവം. തീയിട്ട ശേഷം സ്‌ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിന്തുടർന്നു പിടികൂടി. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ‌സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്‌റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പോൾ രാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്. 

വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്‌റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. ‌സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തേക്ക് ഓടിയെത്തിയത്. ഇതിനോടകം പ്രതി മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജയ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നു ചുള്ളിമടയിൽ നിന്നു പ്രതിയെ പിടികൂടി. വാഹനം പൂർണമായി കത്തിനശിച്ചു. സർവീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉൾപ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു ഉടൻ തീയണച്ചു. കഞ്ചിക്കോട് സ്‌റ്റേഷൻ ഓഫിസർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. 

തൊണ്ടിമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്‌ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്താണ് പോൾ രാജിനെ അറസ്‌റ്റ് ചെയ്ത‌ത്. രണ്ടാഴ്‌ച മുൻപാണു കൊട്ടാമുട്ടിയിൽ തെർമോകോളും പ്ലാസ്‌റ്റിക് മാലിന്യവും തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. സംഭവത്തിൽ കേസെടുത്ത ശേഷം പിക്കപ് വാൻ പൊലീസ് കസ്‌റ്റഡിയിലേക്കും മാറ്റി. ഇത്തരത്തിൽ സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനമാണ് കത്തിച്ചത്. പോൾരാജിനു അന്നത്തെ സംഭവുമായി ഒരു ബന്ധവുമില്ലെന്നും അടിപിടി കേസിൽ കസ്‌റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് സംഭവത്തിലേക്കു നയിച്ചതെന്നും വാളയാർ ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ് അറിയിച്ചു.

English Summary:

Shocking incident in Walayar- Man Sets Police-Seized Pickup Truck Ablaze in Front of Walayar Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com