ADVERTISEMENT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നാലാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  2028 ല്‍ പൂര്‍ത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് 'വിഴിഞ്ഞം തുറമുഖത്തിന്‍റെ സാമ്പത്തിക സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധാരാളം വെല്ലുവിളികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയില്‍ എത്തിയത്. അത്തരം കാലതാമസത്തിന് ശേഷവും തുറമുഖത്തിന് വികസനത്തിന്‍റെ വേഗത നിലനിര്‍ത്താന്‍ സാധിച്ചു. രണ്ടും മൂന്നും നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുമെന്നും ഇത് രാജ്യത്തെ തന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും അവര്‍ പറഞ്ഞു. റോഡ്, റെയില്‍ കണക്ടിവിറ്റി വികസിപ്പിക്കുന്നതടക്കമുളള തുറമുഖവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും എംഡി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി വ്യാഴാഴ്ച രാവിലെ കരാറില്‍ ഒപ്പിട്ടതായും ഡോ. ദിവ്യ പറഞ്ഞു. ഇത് ജനങ്ങളുടെ തുറമുഖമാണ്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റുന്നതാണ് ഇവിടെ കണ്ടത്. തലമുറകളുടെ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുറഖമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര കപ്പല്‍പ്പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ വിഴിഞ്ഞത്തിന്‍റെ വ്യാവസായിക സാധ്യതകള്‍ ഏറെയാണെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇല്ല, ഈ കുറവ് പരിഹരിക്കാന്‍ വിഴിഞ്ഞത്തിനാകും. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണ വ്യവസായം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ധിക്കും. രാജ്യത്തെ ഏറ്റവും വലിയ സെമി ഓട്ടോമേറ്റഡ് തുറമുഖമായി ഇതിനോടകം വിഴിഞ്ഞം മാറിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് വിഴിഞ്ഞം തുറമുഖമെന്ന് സിസ്ട്രോം ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ രാജ് പറഞ്ഞു. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് അടക്കമുള്ള പല വ്യവസായങ്ങള്‍ക്കും വേണ്ട അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്നതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വ്യവസായ സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസിഎസ്എംഎടി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (കേരള) ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി മോഡറേറ്ററായിരുന്നു.

English Summary:

Vizhinjam Port ; Investment of another Rs 10,000 crore to flow in upon completion of the fourth phase of development: Divya S. Iyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com