ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്‌ക്ക‌റിന്റെയും മകളുടെയും ജീവന്‍ കവര്‍ന്ന അപകടം ഉണ്ടായപ്പോള്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെ ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയാകുന്നു. ബാലഭാസ്‌ക്കർ മരിച്ച അപകടവുമായി സ്വര്‍ണക്കടത്തു ലോബിക്കു ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നേരത്തേ ആരോപണം ഉയർത്തിയിരുന്നു.

എന്നാല്‍ പൊലീസും സിബിഐയും അന്വേഷിച്ചപ്പോള്‍ ഇതു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലാണ് അര്‍ജുന്‍ അറസ്റ്റിലായിരിക്കുന്നത്. അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്. അപകടം ഉണ്ടായ സമയത്ത് ബാലഭാസ്‌ക്കറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഇതു നിഷേധിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നു കണ്ടെത്തുകയും ചെയ്തു. അര്‍ജുന്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ബാലഭാസ്‌കറിന്റെ ബന്ധുകൂടിയായ പ്രിയ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പും ചര്‍ച്ചയാകുകയാണ്.

പ്രിയയുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍: 

ബാലുച്ചേട്ടന്റെ കേസില്‍ നട്ടംതിരിഞ്ഞുനിന്ന ഞങ്ങള്‍ക്കു മുന്നില്‍ അവിശ്വസനീയമാം വിധം നടന്ന ട്വിസ്റ്റുകള്‍ പോലെ ഇക്കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ്! 

മലപ്പുറം പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചാക്കേസില്‍ പിടിയിലായ 13 പേരില്‍ ഒരു പരിചിത മുഖവും പേരും.. തൃശ്ശൂര്‍ കുറിയേടത്തുമനയില്‍ അര്‍ജ്ജുന്‍! 

'പാവം നമ്പൂരിപ്പയ്യന്‍', 'അവനങ്ങനെ സ്വയം ആക്സിഡന്റ് ഉണ്ടാക്കി സ്വന്തം ജീവന്‍ റിസ്‌ക് ചെയ്യുമോ?', 'അവന് ഒരല്‍പ്പം ഓര്‍മ്മക്കുറവിന്റെ പ്രശ്‌നമുണ്ട്, പഴയ കേസുകളൊന്നും അത്ര പ്രശ്‌നമല്ല', 'എടിഎം കവര്‍ച്ചയും വീടാക്രമിച്ച കേസുമൊക്കെ ഉള്ളതാ, പക്ഷേ അവനൊരു നിഷ്‌കളങ്കനാ കേട്ടോ..' 

ഈ വിശേഷണങ്ങളൊക്കെ ബാലുച്ചേട്ടന്റെ അന്നത്തെ യാത്രയില്‍ ഡ്രൈവര്‍ ആയി കൂടെക്കൂടിയ അര്‍ജ്ജുന് അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരികൃഷ്ണന്‍ സ്‌നേഹവാത്സല്യങ്ങളോടെ നല്‍കിയതാണ്.  ആ മനുഷ്യന്‍ മരിച്ചിട്ട് വര്‍ഷം 2 കഴിഞ്ഞിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊന്നും ഉറപ്പില്ല! 

ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച് പിന്നെ വന്ന സിബിഐ ഒക്കെ അവസാനം നിവൃത്തികെട്ട് അവന്‍ തന്നെയാണ് വണ്ടി ഓടിച്ചത് എന്ന് തെളിയിച്ചു വച്ചെങ്കിലും 'എന്തിന് അര്‍ജുന്‍ മൊഴിമാറ്റി?', 'ബാലുച്ചേട്ടന്‍ ആണ് വണ്ടിയോടിച്ചത് എന്നെന്തിന് കള്ളം പറഞ്ഞു?', 'വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ എന്തിനാക്കി?',  പേരിനൊന്ന് അറസ്റ്റ് ചെയ്ത് ഇത്യാദി ചോദ്യങ്ങള്‍ പോലും ചോദിക്കാതെ പൊന്നുപോലെ സംരക്ഷിച്ചു വരികയായിരുന്നു ഇത്രയും കാലം. 

ഇതേ അര്‍ജ്ജുന്‍ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും കക്ഷികളാക്കി കൊടുത്ത ഒരു കേസുണ്ട് - 'അയാളുടെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്സിഡന്റ് ആയിരുന്നതുകൊണ്ട് അമ്മയും അച്ഛനും അയാള്‍ക്ക് ഒന്നരക്കോടി നഷ്ടപരിഹാരം കൊടുക്കണ'മത്രേ ഓര്‍ക്കണം, ബാലഭാസ്‌ക്കറിന് ബന്ധുക്കളില്ല, ബാലഭാസ്‌ക്കറിന്റെ ഓര്‍മകളിൽപ്പോലും അച്ഛനോ അമ്മയ്ക്കോ ബന്ധുക്കള്‍ക്കോ അവകാശമില്ല എന്നൊക്കെ കഥകളുണ്ടാക്കി കുറേപ്പേർ അയാളെ സംരക്ഷിച്ചിരുന്നതിന്റെയും കൂടി ബലത്തിലാണ് ഇങ്ങനെയൊരു ഉമ്മാക്കി കാട്ടി ഞങ്ങളുടെ കുടുംബത്തെ പേടിപ്പിക്കാന്‍ ഈ സംഘം ശ്രമിച്ചത്. അത്താഴം മുടങ്ങാന്‍ ചേര കടിച്ചാലും മതിയല്ലോ എന്നപോലെ പാവം പേരപ്പനും പേരമ്മയും ആ കേസ് തൃശൂര്‍ എംഎസിടി കോടതിയില്‍ നടത്തിക്കുകയാണ്. ക്രൈംബ്രാഞ്ചും സിബിഐയും അയാള്‍ കാരണമാണ് അപകടം നടന്നത് എന്നൊക്കെ കണ്ടെത്തിയിട്ടും ഈ കേസ് മുറപോലെ മാറ്റി മാറ്റി വച്ച് 2026ലെ ഒരു തീയതി വരെ എത്തിച്ചിട്ടുണ്ട് എന്ന വൈചിത്ര്യവും ഇതില്‍ കൂട്ടി വായിക്കണം. നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസവും മതിപ്പുമൊക്കെ ഏറും.

കൃത്യമായ തുടരന്വേഷണത്തിന് വിധിച്ചുകൊണ്ട്  ഹൈക്കോടതി വിധി വന്ന് 3 മാസം നല്‍കി, സിബിഐ അഭ്യര്‍ത്ഥന പ്രകാരം  വീണ്ടും 3 മാസം സമയം നല്‍കി പിന്നെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 7 മാസം! പ്രസവകാലം സിബിഐക്ക് എത്രയാണോ ആവോ! എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കു മാത്രമല്ല നീങ്ങുന്നത് എന്നു തോന്നുന്നതും ഇതുപോലെ ഓരോ വാര്‍ത്തകള്‍ പൊങ്ങുന്നതുമാണല്ലോ ഞങ്ങള്‍ക്കുമാശ്വാസം! ചില സത്യങ്ങള്‍ അങ്ങനെയാണ്.. ചിലരുടെയും!

English Summary:

Violinist Balabhaskar Death ; Arrest of Driver Arjun in Gold Robbery Case reignites suspicions and raises questions about the circumstances surrounding the accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com