കീത്ത് കെല്ലോഗ് യുക്രെയ്നും റഷ്യയ്ക്കും ഇടയിലെ യുഎസിന്റെ ദൂതൻ; നിയമിച്ച് ട്രംപ്
Mail This Article
വാഷിങ്ടൻ∙ യുക്രെയ്നും റഷ്യയ്ക്കുമിടയിലെ ദൂതനായി വിശ്വസ്തനും റിട്ട.ജനറലുമായ കീത്ത് കെല്ലോഗിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ജനറൽ കീത്ത് കെല്ലോഗിനെ പ്രസിഡന്റിന്റെ അസിസ്റ്റന്റായും യുക്രെയ്നും റഷ്യയ്ക്കുമുള്ള പ്രത്യേക ദൂതനായും നാമനിർദേശം ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. എന്റെ ആദ്യ ഭരണത്തിൽ ദേശീയ സുരക്ഷാ റോളുകളിൽ സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ കീത്ത് വിശിഷ്ട സൈനിക ജീവിതം നയിച്ചിട്ടുണ്ട്.’’– ട്രംപ് എക്സിൽ കുറിച്ചു.
അമേരിക്കയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചു സമാധാനം ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായി 80 വയസ്സുകാരനും സുരക്ഷാ വിദഗ്ധനുമായ കീത്ത് കെല്ലോഗ് എക്സിൽ കുറിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്ന് സായുധബലം വർധിപ്പിക്കുന്നതിനായി വാഷിങ്ടനിൽനിന്ന് ഏകദേശം 60 ബില്യൻ ഡോളറാണ് സഹായം ലഭിച്ചത്.
വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിലിലെ ചീഫ് ഓഫ് സ്റ്റാഫ്, അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങി ട്രംപിന്റെ ആദ്യ ഭരണത്തിൽ കെല്ലോഗ് നിരവധി സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.