സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി
Mail This Article
കൊച്ചി ∙ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി. ഡിസംബര്‍ 17ന് നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന്‍ എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ് ബോര്‍ഡിനു മുന്നിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി.
ഒറ്റപ്പാലത്തുള്ള ഹൈദരിയ്യ മസ്ജിദ് കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാത്ത വിഷയവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഭരണസമിതിയുടെ കാലാവധി 2023 ഏപ്രില്‍ മാസത്തിൽ അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിക്കാതെ നിലവിലെ സമിതി അനധികൃതമായി മുന്നോട്ടു പോവുകയാണെന്ന് ആരോപിച്ച് നിഷാദ് പടിഞ്ഞാറേ പീടികയിൽ കേരള വഖഫ് ബോർഡിനു പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പു നടത്താൻ റിട്ടേണിങ് ഓഫിസറെ നിയമിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഓഗസ്റ്റ് 10ന് വിധി പറയേണ്ടിയിരുന്നതാണങ്കിലും വഖഫ് ബോർഡിൽ നിന്ന് ഇതുവരെ വിധി വന്നിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു.
വരുന്ന ഡിസംബർ 17ന് കേരള വഖഫ് ബോർഡിന്റെ കാലാവധിയും കഴിയുകയാണ്. ഈ സാഹചര്യത്തിൽ കാലാവധി കഴിയുന്നതിനു മുൻപു തന്നെ തന്റെ പരാതിയിൽ ഉത്തരവിറക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചപ്പോഴാണ് പുതിയ ബോർഡ് വരുന്നതു വരെ വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകാൻ ഹൈക്കോടതി തീരുമാനിച്ചത്.