ആനകളെ ചങ്ങലയ്ക്കിടുന്നത് ആസ്വദിക്കുന്നവരോ ആനപ്രേമികൾ? എഴുന്നള്ളിപ്പിന് ഇളവില്ലെന്ന് വീണ്ടും ഹൈക്കോടതി
Mail This Article
കൊച്ചി ∙ ആനകളെ എഴുന്നള്ളിക്കുന്നതിന് നിർദേശിച്ച മാർഗനിർദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വിദഗ്ധരുടെയും അഭിപ്രായം തേടി ഹൈക്കോടതി. ആനകളെ എത്ര ദൂരത്തിൽ ഇടവിട്ട് നിർത്താം തുടങ്ങിയ കാര്യങ്ങളിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവർ വിദഗ്ധാഭിപ്രായം തേടിയത്. വന്യജീവി വിദഗ്ധനും കേരള വനഗവേഷണകേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. പി.എസ്.ഈസ ഇന്ന് ഹാജരായി കോടതിയുടെ സംശയങ്ങൾക്ക് മറുപടി നൽകി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ന് കോടതിയുടെ മുമ്പാകെ വന്നത്.
15 ആനകളെയാണ് ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്നത് എന്നും ആനകൾ തമ്മിൽ 3 മീറ്റർ ദൂരം വേണം എന്ന പരിധി വച്ചാൽ ഇത് സാധിക്കില്ലെന്നും ക്ഷേത്രാധികൃതർ ചൂണ്ടിക്കാട്ടി. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് എന്താണ് നിർബന്ധമെന്ന് കോടതി ആരാഞ്ഞു. ആനകൾ തമ്മില്‍ 3 മീറ്റർ പരിധി വേണമെന്ന് പറയുന്നത് ജനങ്ങളുടെ സുരക്ഷയെ കൂടി കരുതിയിട്ടാണ്. ആന പ്രേമികൾ എന്നു പറയുന്നവർ ആനയെ ചങ്ങലയ്ക്കിട്ടു നിൽക്കുന്നത് കണ്ട് ആസ്വദിക്കുന്നവരാണോ എന്നും കോടതി ചോദിച്ചു. തങ്ങൾ ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കുകയല്ല, അവയെ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
ആനകളെ പിടികൂടിക്കഴിയുമ്പോൾ തന്നെ അവ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടു തുടങ്ങുമെന്ന് ഡോ. ഈസ പഠനങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കി. അവയ്ക്ക് ഉപയോഗിക്കാനുള്ള സ്ഥലവും ഭക്ഷണത്തിന്റെ അഭാവവുമൊക്കെ ചേരുമ്പോൾ ആക്രമണോത്സുകത കൂടും. അടുത്തു നിൽക്കുന്ന ആനയുടെ സ്പർശം കൊണ്ടു പോലും ആന പ്രകോപിതനാവാം. ആനയ്ക്ക് പെരുമാറാനും സുരക്ഷിതമെന്നും കരുതുന്ന സ്ഥലത്തേക്കുള്ള കടന്നുകയറ്റം അവയെ പ്രകോപിതരാക്കും. ഇതൊക്കെ കൊണ്ടു തന്നെ ആനയ്ക്ക് ചുറ്റും എപ്പോഴും സ്ഥലം ഒഴിച്ചിട്ടിരിക്കണം. ആനയുടെ വയറുകൾ തമ്മിൽ 3 മീറ്റർ അകലം വേണ്ടതുണ്ട്. നാലു ഭാഗത്തേക്കും ഈ അകലം വേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആനയെ അതിവേഗം അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനും ഇത് ആവശ്യമാണ് എന്നും ഡോ. ഈസ കോടതിയെ ധരിപ്പിച്ചു.
മൈസൂർ ദസറ, തമിഴ്നാട്ടിലെ ഉത്സവങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ആനകളെ ദൂരപരിധിയില്ലാതെ എഴുന്നള്ളിക്കുന്ന കാര്യവും കോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടു. എന്നാൽ ഒരു നിയന്ത്രണങ്ങളും ദൂരപരിധിയും പാലിക്കാതെ ആനകളെ എഴുന്നള്ളിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല എന്ന് കോടതി വ്യക്തമാക്കി. ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിൽ തങ്ങൾ മുന്നോട്ടു വച്ചിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇളവുകൾ വരുത്തിയേക്കില്ല എന്നാണ് ഇന്ന് കോടതി സൂചിപ്പിച്ചത്.