ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എസ് ദർവേഷ് സാഹിബ്  ഉത്തരവിറക്കി. കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് കൈമാറാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്. 

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തേ കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.ബൈജു നോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സാക്ഷിമൊഴികൾ പോലും രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും സജി ചെറിയാന്റെ ശബ്ദ സാംപിൾ എടുത്തില്ലെന്നും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ട് പൊലീസിനു കിട്ടിയിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാലിത് തെറ്റാണെന്നായിരുന്നു സര്‍ക്കാർ വാദം. പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ വാദം കോടതി തള്ളി. സിസിടിവി ദൃശ്യങ്ങളും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് റിപ്പോർട്ടും കേസിൽ പ്രധാനപ്പെട്ടതാണെന്നു കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ അന്വേഷണം പൂർത്തിയാക്കണം. എന്നാൽ കുറ്റാരോപിതൻ മന്ത്രിയായതിനാൽ എസ്എച്ച്ഒ തലത്തിൽ അന്വേഷണം നടത്തിയാൽ മതിയാകില്ല. അതുകൊണ്ടു സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാൻ ഡിജിപി ഉത്തരവിടണമെന്നും കോടതി പറഞ്ഞു.

കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വാക്കുകൾ സാന്ദർഭികമായി ഉപയോഗിച്ചതാണെന്നും ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്നും പറഞ്ഞിരുന്നു. എന്നാൽ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾക്കൊപ്പമാണ് ഈ വാക്കുകൾ‍ ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നില്ല എന്നും കോടതി പറഞ്ഞു. നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശബ്ദ സാംപിള്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീര്‍പ്പിലെത്താന്‍ കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.

English Summary:

Saji Cherian's Speech- Crime Branch Probes Minister Saji Cheriyan's Speech, DGP Assures Impartial Inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com