ജ്ഞാനാശ്രമത്തിന്റെ ഹർജി തള്ളി ; വ്യാസാ കോളജ് ഉടമസ്ഥത എൻഎസ്എസിനു തന്നെയെന്ന് സുപ്രീം കോടതി
Mail This Article
ചങ്ങനാശേരി ∙ വടക്കാഞ്ചേരി വ്യാസാ കോളജിന്റെ ഉടമസ്ഥത സംബന്ധിച്ച് നായർ സർവീസ് സൊസൈറ്റിക്ക് എതിരെ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീർഥ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജി സുപ്രീം കോടതി തള്ളി. കേരളാ ഹൈക്കോടതി വിധിക്ക് എതിരെയാണ് ജ്ഞാനാശ്രമം സുപ്രീം കോടതിയെ സമീപിച്ചത്. ജ്ഞാനാശ്രമത്തിനു വേണ്ടി മാതാജി ശാന്താദേവിയും സ്വാമി പുരുഷോത്തമ തീർഥയും വ്യാസാ കോളജ് എൻഎസ്എസിന് കൈമാറ്റം ചെയ്‌തത് റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ട് 1985ൽ തൃശൂർ സബ്കോടതിയിൽ ജ്ഞാനാശ്രമം എൻഎസ്എസിന് എതിരെ ഹർജി നൽകിയിരുന്നു.
സബ് കോടതി വിധിക്കെതിരെ നായർ സർവീസ് സൊസൈറ്റി 1992 ൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എൻഎസ്‌എസിന് എതിരെ സബ്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കുന്നതല്ല എന്നു കണ്ടെത്തി ഹൈക്കോടതി എൻഎസ്എസിന്റെ അപ്പീൽ അനുവദിച്ചിരുന്നു. ഇതിന് എതിരെയാണ് ജ്ഞാനാശ്രമത്തിനു വേണ്ടി സ്വാമി ദയാനന്ദതീർഥ സുപ്രീം കോടതിയെ സമീപിച്ചത്. എൻഎസ്എസിനു വേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ, എം. ഗിരീഷ്‌കുമാർ, അങ്കുർ എസ്. കുൽക്കർണി, വി. വിജുലാൽ എന്നിവർ ഹാജരായി.