ADVERTISEMENT

തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.പി.ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്. അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി.ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചതെന്നും സതീശൻ പറഞ്ഞു.

‘‘എന്തൊരു കാപട്യമാണിത്? സിബിഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിനു മുന്‍പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും ദുരൂഹമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂ’’ – സതീശൻ പറഞ്ഞു. 

നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിൽ അന്വേഷണം നടത്താത്തതിൽ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബെനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന്‍ ആരുടെ ബെനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

Naveen Babu Death case- V.D. Satheesan criticizes CPM State Secretary M.V. Govindan for opposing a CBI investigation, alleging a cover-up and highlighting suspicious circumstances surrounding the case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com