സംഘനൃത്തത്തിൽ തമ്മിലടി; വിധികർത്താക്കൾ മുറിയിൽ കയറി വാതിലടച്ചു, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം
Mail This Article
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്തത്തിന്റെ വിധി നിർണയത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് പ്രതിഷേധിച്ചത്.
കാർമൽ സ്കൂളിനു ഒന്നാം സ്ഥാനം ലഭിക്കുമെന്നും വിധികർത്താക്കളെ മാറ്റണമെന്നും ആവശ്യപ്പെട്ട് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥികൾ നേരത്തെ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിധികർത്താക്കളെ അധികൃതർ മാറ്റിയില്ല. ഇതിനുപിന്നാലെ മത്സരം കഴിഞ്ഞ് കാർമൽ സ്കൂളിന് ഒന്നാംസ്ഥാനം ലഭിക്കുകയായിരുന്നു.
മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത് എന്നാണ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനികളുടെ മറ്റൊരു ആരോപണം. വിധികർത്താക്കൾ മാത്രം ഇരിക്കേണ്ടിടത്ത് സംഘാടകർ ഉൾപ്പെടെ 7 പേർ ഇരുന്നാണ് വിധി നിർണയിച്ചതെന്നും ഇതിന്റെ വിഡിയോ കൈവശമുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു.
പ്രതിഷേധം ഉയർന്നതോടെ വിധികർത്താക്കൾ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്നു പ്രഷേധിച്ചു. പൊലീസ് എത്തിയാണ് വിധികർത്താക്കളെ മാറ്റിയത്. വിദ്യാർഥിനികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വൈകുന്നേരം 5 മണിക്ക് നടക്കേണ്ടിയിരുന്ന സംഘനൃത്തം ഏറെ വൈകി 10.30നാണ് ആരംഭിച്ചത്.