വെറുമൊരു ചുഴലിയല്ല ഫെയ്ഞ്ചൽ; നാലു കാലത്തിൽ കേരളം ! വൃശ്ചിക മൂടലിന്റെ താളം തെറ്റുമോ?
Mail This Article
പത്തനംതിട്ട ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലാണ് ബാധിക്കുകയെന്നു കരുതയിട്ടു കാര്യമില്ല. കേരളത്തിനും നമ്മുടെ കാലാവസ്ഥയ്ക്കും ഈ ചുഴലിക്കാറ്റിന്റെ വരവ് ഏറെ നിർണായകമാണ്. അതായത് മറ്റ് സ്ഥലങ്ങളിൽ ആഞ്ഞടിക്കുന്ന വെറുമൊരു ചുഴലിയല്ല ഫെയ്ഞ്ചൽ എന്ന് ഓർക്കുക. സത്യത്തിൽ ശൈത്യകാലത്തിനു മീതേ മഴയുടെ മേൽമൂടിയിട്ടാണ് ചുഴലിക്കാറ്റിന്റെ വരവ്. തമിഴ്നാട് തീരത്തോട് ഇത്രയും ചേർന്ന് ഒരു ചുഴലി വരുന്നത് ഏറെക്കാലത്തിനു ശേഷമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഇന്ന് പുതുച്ചേരി തീരത്തുകൂടി കരതൊടാൻ പോകുന്ന ഫെയ്ഞ്ചൽ ചുഴലിയുടെ കേന്ദ്രബിന്ദു നിലവിൽ നാഗപട്ടണത്തു നിന്ന് 250 കിലോമീറ്റർ മാറിയാണെങ്കിലും കേരളവും ഈ ചുഴലിയുടെ വൃത്തപരിധിയിലാണ്. സംസ്ഥാനത്തും ഇന്നും നാളെയും ഫെയ്ഞ്ചൽ ചുഴലി നേരിയ മഴ എത്തിക്കും. വടക്കൻ തമിഴ്നാട്ടിലേക്കു നീങ്ങുന്നതിനാൽ ഉത്തരകേരളത്തിലാവും കൂടുതൽ മഴ. തുലാവർഷത്തിലെ 22% കുറവ് പരിഹരിക്കാനാവുമോ എന്നു കാത്തിരിക്കയാണ് ഊർജമേഖലയിലുള്ളവർ. ഒഡീഷ തീരത്തേക്ക് കഴിഞ്ഞമാസം കയറിയ ദാന ചുഴലിക്കു പിന്നാലെ എത്തുന്ന ഫെയ്ഞ്ചലിന് പേരു നിർദേശിച്ചത് സൗദി അറേബ്യയാണ്.
ചൂടു കുറയുമോ ? നമ്മുടെ മാവും പൂക്കുമോ
ഒരേ സമയം ചുഴലിക്കാറ്റ്, മൂടൽമഞ്ഞ്, ചൂട്, തണുപ്പ് എന്നീ നാലു കാലാവസ്ഥകളുടെയും നിഴലിലാണ് കേരളം. ശൈത്യം വരവറിയിച്ചതിനാൽ ഉത്തരേന്ത്യയിൽ ചൂടിനു ശമനമുണ്ട്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില ഇന്നലെ അനുഭവപ്പെട്ടത് കണ്ണൂർ വിമാനത്താവളത്തിലാണ്: 35.6 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്തെ ഏറ്റവും കുറവ് രാത്രി താപനിലയും ഇതേ മാപിനിയിൽ തന്നെ: 22.2 ഡിഗ്രി. സംസ്ഥാനമെങ്ങും കഴിഞ്ഞ ഏതാനും ദിവസമായി മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വൃശ്ചികമൂടൽ എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം മഴ കുറഞ്ഞ് പകൽതാപം ഉയർന്ന് അന്തരീക്ഷത്തിലേക്ക് ഈർപ്പം ഉയരുമ്പോഴാണ് ഉണ്ടാകാറുള്ളത്.വൃശ്ചികമാസം പിറക്കുമ്പോഴേ മുൻപ് കേരളത്തിൽ കുളിര് എത്തുമായിരുന്നു. മാവ് തളിർക്കുന്നതും കുയിൽ പറന്നെത്തുന്നതുമൊക്കെയാണ് പ്രകൃതിയിലെ ഇതുസംബന്ധിച്ച സൂചനകൾ. വൃശ്ചികം പകുതിയായതോടെ സംസ്ഥാനത്ത് പലയിടത്തും മാവ് തളിർക്കയും കുയിലുകൾ നാദം ഉയർത്തുകയും ചെയ്തു.