ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; ചെന്നൈയിൽ മഴ കനത്തു, 16 വിമാനങ്ങൾ റദ്ദാക്കി
| Cyclone Fengal
Mail This Article
ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഉച്ചയ്ക്കു ശേഷം കര തൊടാനിരിക്കെ ചെന്നൈയിൽ മഴ കനത്തു. ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സർവിസുകൾ ഇൻഡിഗോ നിർത്തിവെച്ചു. രാവിലെ 8.10നു ലാൻഡ് ചെയ്യണ്ട അബുദാബി വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. മുൻകരുതലെന്ന നിലയിൽ ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തു. ഇതിനെ തുടർന്നു ഗതാഗതം തടസപ്പെട്ടു.
ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും ഫെയ്ഞ്ചൽ കരതൊടുക. നിലവിൽ ചെന്നൈയ്ക്ക് 190 കിലോമീറ്റർ അകലെയാണ് ഫെയ്ഞ്ചലുള്ളത്. തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കില്ല. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം.
ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും.
ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. പല വിമാനങ്ങളും ഇന്നും വൈകുകയാണ്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തിരിച്ച് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.