ADVERTISEMENT

വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു.

‘‘ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ കേരളത്തിൽനിന്നും ഇന്ത്യയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ വിവിധ മതപാരമ്പര്യങ്ങളിലുള്ള നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ‘നല്ല മാനവികതയ്ക്കായി മതങ്ങൾ ഒരുമിച്ച്’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ഈ  കാലഘട്ടത്തിൽ സർവമത സമ്മേളനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. എല്ലാ മനുഷ്യരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശത്തിന് വേണ്ടിയാണ് ശ്രീനാരായണ ഗുരു തന്റെ ജീവിതം സമർപ്പിച്ചത്. ആരോടും ഒരു തരത്തിലുള്ള വിവേചനം ഉണ്ടാകരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം നൽകിയ സന്ദേശം ഇന്നത്തെ ലോകത്തിന് മുന്നിൽ പ്രസക്തമാണ്. രാജ്യങ്ങൾ തമ്മില്‍ അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. വിവേചനവും അക്രമവും ദൈനംദിനം വർധിച്ചു വരുന്നു.’’ – മാർപാപ്പ പറഞ്ഞു.

സർവമത സമ്മേളന ചടങ്ങിൽനിന്ന്. Image Credit: Special Arrangement
സർവമത സമ്മേളന ചടങ്ങിൽനിന്ന്. Image Credit: Special Arrangement

‘‘ലോകസമാധാനത്തിനും ഒരുമിച്ചുള്ള സഹവർത്തിത്വത്തിനും മനുഷ്യസാഹോദര്യത്തിന്റെ പ്രാധാന്യം എന്ന ഡോക്യുമെന്റിൽ താനും അൽ-അസ്ഹർ ഗ്രാൻഡ് ഇമാമായ അഹ്മദ് അൽ-തയീബും ചേർന്ന് ഒപ്പുവച്ചിരുന്നു. ഇതിൽ ദൈവം എല്ലാ മനുഷ്യരെയും തുല്യരായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അവർ ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കണമെന്നും പറഞ്ഞിരുന്നു. ഒരു ദൈവത്തിന്റെ മക്കളെന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും, സാഹോദര്യത്തിന്റെ മനോഭാവത്തിൽ വൈവിധ്യങ്ങളെ ബഹുമാനിക്കുകയുമാണ് വേണ്ടത്. നാനാത്വങ്ങൾക്കിടയിലും ഐക്യം ഊട്ടിയുറപ്പിക്കുക, ഭിന്നതകൾക്കിടയിലും യോജിപ്പുള്ള സഹവർത്തിത്വം ഉറപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെ എല്ലാവരുമായും സാഹോദര്യബന്ധം വളർത്തിയെടുക്കാന്‍ നമ്മൾ ശ്രമിക്കണം.’’ – മാർപാപ്പ തന്റെ ആശീർവാദ പ്രഭാഷണത്തിൽ വ്യക്തമാക്കി.

English Summary:

Pope Francis Sree Narayana Guru- At a Vatican interfaith conference organized by the Sivagiri Mutt, Pope Francis praised the enduring relevance of Sree Narayana Guru's message of universal brotherhood, particularly in a world grappling with rising intolerance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com