നട തുറന്ന് 3 മണിക്കൂറിനുള്ളിൽ 18,216 പേർ ദർശനം നടത്തി; ശബരിമലയിൽ തീർഥാടക പ്രവാഹം
Mail This Article
ശബരിമല∙ സന്നിധാനത്ത് പുലർച്ചെ നട തുറന്ന് ആദ്യത്തെ 3 മണിക്കൂറിനുള്ളിൽ ദർശനം നടത്തിയത് 18,216 പേർ. ശനിയാഴ്ച ആയതിനാൽ ദർശനത്തിനു തിരക്ക് കൂടി. ശാസ്താ ക്ഷേത്രങ്ങളിൽ ശനിയാഴ്ച ദിവസംയ ദർശന പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. നാളെയും തിരക്കു വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. വെള്ളിയാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കു താഴെ വരെ ഉണ്ടായിരുന്നു. രാത്രി നട അടച്ചശേഷം ഇവരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു. പുലർച്ചെ 3ന് നട തുറന്ന ശേഷം ഇവർ വടക്കേ നട വഴി സോപാനത്ത് എത്തി ദർശനം നടത്തി. പമ്പയിൽ നിന്നു ഒരു മണിക്കൂറിൽ 4250 പേരിൽ കുറയാതെ മല കയറുന്നുണ്ട്. നീലിമല പാത തിങ്ങി നിറഞ്ഞാണ് തീർഥാടകർ വരുന്നത്.
അതേസമയം മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ നിരോധിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും പറഞ്ഞു. ‘‘ഇത് ആചാരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിർദേശിച്ചിട്ടുണ്ട്. മഞ്ഞൾപ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങൾ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുന്നതും പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാർക്കും ഇതു സംബന്ധിച്ചു വിവരങ്ങൾ കൈമാറും’’–പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ – 3.00
അഭിഷേകം – 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം – 12.00
ഉച്ചപൂജ – 12.30
നട അടയ്ക്കൽ – 1.00
വൈകിട്ട് നടതുറക്കൽ – 3.00
പുഷ്പാഭിഷേകം – 7.00
ഹരിവരാസനം – 10.50
നട അടയ്ക്കൽ – 11.00