പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ മഴ കനക്കും
Mail This Article
തിരുവനന്തപുരം ∙ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്രാ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ശക്തമാകും. ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 3ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടാണ്. 4ന് കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടാണ്. 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.