ഫെയ്ഞ്ചലിന്റെ ശക്തി കുറഞ്ഞു, അതിതീവ്ര ന്യൂനമർദമായി; ചെന്നൈ വിമാനത്താവളം തുറന്നു
Mail This Article
ചെന്നൈ∙ തീരത്ത് എത്തിയതിനു ശേഷം ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് പുലർച്ചെ നാലു മണിയോടെ വടക്കൻ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരം കടക്കാൻ തുടങ്ങി. ശക്തി കുറഞ്ഞ ഫെയ്ഞ്ചൽ അതിതീവ്ര ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫെയ്ഞ്ചൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഫെയ്ഞ്ചലിനു ശക്തി കുറഞ്ഞതിനു പിന്നാലെ ചെന്നൈ വിമാനത്താവളം തുറന്നു.
ചെങ്കൽപെട്ട് അടക്കം ആറു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിലും ശക്തമായ മഴ സംസ്ഥാനത്തുണ്ടാകും. ഈ സാഹചര്യത്തിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങൾ അതീവജാഗ്രതയിലാണ്. കനത്ത മഴയ്ക്കിടെ നാലു പേർ മരിച്ചത് ദുരന്തത്തിന്റെ തീവ്രതയേറ്റി. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബർബൻ ട്രെയിൻ സർവീസുകളും പല റൂട്ടുകളിലും നിർത്തി.
2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഏതു സ്ഥിതിയും നേരിടാൻ സജ്ജമാണെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർ അറിയിച്ചു. തീരദേശ ആന്ധ്രയിലും രായൽസീമയിലും മഴ കനക്കുമെന്നും പ്രവചനമുണ്ട്. അതേസമയം ഫെയ്ഞ്ചൽ ചുഴലിക്കറ്റിനെ തുടർന്നുള്ള മഴയിൽ ശ്രീലങ്കയിൽ മരണം 19 ആയി.