ഏക്നാഥ് ഷിൻഡെയ്ക്ക് പനിയും തൊണ്ട വേദനയും, ചികിത്സിക്കാൻ 4 ഡോക്ടർമാർ; വഴിമുട്ടി ചർച്ചകൾ
Mail This Article
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്‌നാഥ് ഷിൻഡെയ്ക്ക് രണ്ടു ദിവസമായി പനിയും തൊണ്ടയിൽ അണുബാധയുമാണെന്ന് ഡോക്ടർ. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബ ഡോക്ടർ ആർ.എം. പത്രെ പറഞ്ഞു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ 4 ഡോക്ടർമാരുടെ സംഘം ഏകനാഥ് ഷിൻഡെയെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘ഷിൻഡെ ഇപ്പോൾ സുഖമായിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിനു പനി, ശരീരവേദന, തൊണ്ടയിലെ അണുബാധ, ജലദോഷം എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകൾ നൽകി. മൂന്നോ നാലോ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്.’’ – ആർ.എം.പത്രെ പറഞ്ഞു.
മഹായുതി സഖ്യത്തിന്റെയും ശിവസേനയുടെയും അടിയന്തര യോഗങ്ങൾ റദ്ദാക്കിയാണ് വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഏക്നാഥ് ഷിൻഡെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് മടങ്ങിയത്. അമിത് ഷായുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷമായിരുന്നു ഇത്. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചപ്പോൾ ഏക്നാഥ് ഷിൻഡെ ചർച്ചകൾക്കു നിൽക്കാതെ ഗ്രാമത്തിലേക്ക് മടങ്ങിയത് മഹായുതി കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു.