ADVERTISEMENT

മുംബൈ ∙ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം തുടർന്ന് ‘മഹായുതി’ സഖ്യം. 5ന് വൈകിട്ട് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മഹായുതി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി ആരെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സീറ്റെണ്ണം കുറവായിരുന്നിട്ടും ചടുലനീക്കങ്ങളിലൂടെ ഒറ്റ രാത്രി കൊണ്ട് മണിപ്പൂരിലും ഗോവയിലും സർക്കാരുണ്ടാക്കിയ ചരിത്രമുള്ള ബിജെപിക്ക്, 80 ശതമാനത്തിലേറെ സീറ്റു നേടി വിജയിച്ച മഹാരാഷ്ട്രയിൽ പക്ഷെ അത് വിലപ്പോവില്ല. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരമില്ല. 

മുൻ മുഖ്യമന്ത്രിയും കഴിഞ്ഞ മഹായുതി സർക്കാരിൽ‌ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനാണ് മുൻഗണനയെങ്കിലും പ്രഖ്യാപനം വൈകുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് ആദ്യഘട്ടത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിപദം വിട്ടുനൽകില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം ഉറച്ചുനിന്നതോടെ വിട്ടുവീഴ്ചയ്ക്കു ഷിൻഡെ തയാറായി. മുഖ്യമന്ത്രിയെ ബിജെപിക്കു തീരുമാനിക്കാമെന്ന് ഷിൻഡെ പ്രഖ്യാപിച്ചതോടെ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷയുണർന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

സഖ്യകക്ഷികളായ ശിവസേനാ ഷിൻഡെ പക്ഷത്തിനും എൻസിപി അജിത് പവാർ വിഭാഗത്തിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിപദം വിട്ടുനൽകുന്നതിനു പകരമായി ഉപമുഖ്യമന്ത്രി, ആഭ്യന്തരം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിക്കണമെന്ന് ഷിൻഡെ നിലപാട് സ്വീകരിക്കുകയും ആഭ്യന്തര വകുപ്പ് കൈവശം വയ്ക്കാൻ ബിജെപി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചർച്ചകൾ വഴിമുട്ടി. സുപ്രധാന വകുപ്പുകൾ ലഭിക്കുന്നില്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന് ഷിൻഡെ പക്ഷം നിലപാടു സ്വീകരിച്ചു. അനുനയ ശ്രമം തുടരുന്നതിനിടെ ഷിൻഡെ ജൻമനാട്ടിലേക്കു തിരിച്ചതോടെ ചർച്ച വഴിമുട്ടി. ഷിൻഡെ മടങ്ങിയെത്തിയ ശേഷം ചർച്ചകൾ പുനരാരംഭിക്കും. 

2019 ൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന മുന്നണി വിടാൻ ഇടയാക്കിയത്. പിന്നാലെ ഭരണം നഷ്ടമായ ബിജെപി ശിവസേന, എൻസിപി എന്നീ കക്ഷികളെ പിളർത്തി ഒപ്പം നിർത്തിയാണ് വീണ്ടും ഭരണംപിടിച്ചത്. 288 അംഗ നിയമസഭയിൽ 132 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് പക്ഷെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ല. ബിജെപിയുടെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന്, 41 എംഎൽഎമാരുള്ള സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബിജെപിയുമായി അജിത് പവാറിനു നാളുകളായി അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. ടിഡിപി, ജെഡിയു തുടങ്ങിയ പാർട്ടികളുടെ കൂടി പിന്തുണയോടെ കേന്ദ്രഭരണത്തിൽ തുടരുന്ന ബിജെപിക്ക് ഏഴു ലോക്സഭാംഗങ്ങളും 57 നിയമസഭാംഗങ്ങളുമുള്ള ശിവസേനാ ഷിൻഡെ പക്ഷത്തെ പിണക്കാനാവില്ല.

English Summary:

Maharashtra government: Mahayuti Grapples with Chief Minister Dilemma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com