‘അൻപോടെ സോറ് പോട്ട് അമ്മ ഉണവകങ്ങൾ’; ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സ്റ്റാലിൻ
Mail This Article
ചെന്നൈ∙ ചെന്നൈയിലും സമീപ ജില്ലകളിലും ദുരിതം വിതച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് പിന്നാലെ ചെന്നൈ നിവാസികൾക്ക് സൗജന്യമായി ഭക്ഷണം വിളമ്പി ‘അമ്മ’ കന്റീനുകൾ (അമ്മ ഉണവകങ്ങൾ). ശനിയാഴ്ച ചെന്നൈയിലെ 386 അമ്മ കന്റീനുകളിലാണ് മഴക്കെടുതിയിൽ വലയുന്നവർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മഴക്കെടുതി ദുരിതം വിതച്ച തമിഴ്നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശനിയാഴ്ച നേരിട്ട് വിലയിരുത്തി. ചെങ്കൽപട്ട്, കടലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, വിഴുപുരം എന്നിവിടങ്ങളിലേക്ക് എസ്ഡിആർഎഫിന്റെ 18 സംഘങ്ങളെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ചെന്നൈയിൽ മൂന്ന് എസ്ഡിആർഎഫ് സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
ചെങ്കൽപട്ടിലെ തിരുക്കഴുകുന്ദ്രത്ത് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. ചെന്നൈയിൽ മാത്രം 10,000 പേർ മഴക്കെടുതിയുമായി ബന്ധപ്പെട്ട ജോലികൾക്കായി രംഗത്തുണ്ടെന്നാണ് വിലയിരുത്തൽ. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും ആവശ്യമെങ്കിൽ ആളുകൾക്ക് അവരുടെ വീടുകളിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും സർക്കാർ ചെയ്യുന്നുണ്ടെന്നും റവന്യു മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു.