ADVERTISEMENT

ഹൈദരാബാദ് ∙ എഒബി അഥവാ ആന്ധ്ര ഒഡീഷ ബോർഡർ– മാവോയിസ്റ്റുകളുടെ രഹസ്യ കേന്ദ്രങ്ങളെ സുരക്ഷാ സേന വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. എഒബിയിലെ ഏറ്റവും അപകടകാരിയായ മാവോയിസ്റ്റ് നേതാവായിരുന്നു ഞായറാഴ്ച പുലർച്ചെ തെലങ്കാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാപ്പണ്ണ. പൊലീസ് രേഖകൾ പ്രകാരം 61 വയസ്സാണ് പ്രായം. പക്ഷേ മേഖലയിലെ ഏറ്റവും അപകടകാരി. ഒരു സമയത്ത് അവിഭക്ത ആന്ധ്രയെ വിറപ്പിച്ച സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ ഏരിയാ കമാൻഡർ. അതായിരുന്നു നന്ദു അഥവാ പാപ്പണ്ണ എന്നറിയപ്പെട്ടിരുന്ന പല്ലൊജുല പരമേശ്വര റാവു.

നന്ദു എന്ന് പോളിടെക്നിക്ക് വിദ്യാർഥി

പരമേശ്വര റാവുവിനെ ചെറുപ്പത്തിൽ നന്ദു എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. വാറങ്കൽ ജില്ലയിലെ ഹസൻപർത്തി സ്വദേശിയായിരുന്നു നന്ദു. ഹൈദരാബാദിലെ പോളിടെക്നിക് പഠനകാലത്താണ് നന്ദുവിന്റെ മനസ്സിലെ വിപ്ലവ ചിന്തകൾക്കു തീപിടിക്കുന്നത്. പോളിടെക്നിക്കിൽ പഠിച്ചു കൊണ്ടിരിക്കെ സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയായ റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയനിൽ (ആർഎസ്‌യു) അംഗമായി. കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്നറിഞ്ഞു തന്നെയാണ് വിപ്ലവത്തിന്റെ ‘മാവോയിസ്റ്റ് ലൈൻ’ നന്ദു സ്വീകരിച്ചത്. പാപ്പണ്ണയിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.

‘ഫോർ പീപ്പിൾസ് വാർ’

വൈകാതെ നന്ദു മാവോയിസ്റ്റ് പാർട്ടിയായ സിപിഎം (എംഎൽ) പീപ്പിൾസ് വാർ വിഭാഗത്തിൽ ചേർന്നു. പീപ്പിൾസ് വാർ ഗ്രൂപ്പ് (പിഡബ്ല്യുജി) എന്ന് പിന്നീട് സംഘടനയുടെ പേര് മാറി. കൊണ്ടപ്പള്ളി സീതാരാമയ്യ, ഡോ. കൊല്ലൂരി ചിരഞ്ജീവി എന്നിവർ ചേർന്ന് 1980 ലാണ് ആന്ധ്രാപ്രദേശിൽ പിഡബ്ല്യുജി പാർട്ടി സ്ഥാപിച്ചത്. സിപിഎം (എംഎൽ) വിഭാഗത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞായിരുന്നു സംഘടനയുടെ രൂപീകരണം. തെലങ്കാന – ആന്ധ്ര മേഖലയിലെ നക്‌സലൈറ്റ് പ്രവർത്തകരെ സംഘടിപ്പിച്ചായിരുന്നു പാർട്ടി സ്ഥാപിച്ചത്. മാവോയിസ്റ്റ് ചിന്താഗതി അടിസ്ഥാനമാക്കി ഇന്ത്യയിൽ അതീവ രഹസ്യമായാണ് പിഡബ്ല്യുജി പ്രവർത്തിച്ചത്. ദക്ഷിണേഷ്യയിലെ മാവോയിസ്റ്റ് പാർട്ടികളുടെയും സംഘടനകളുടെയും ഏകോപന സമിതിയിൽ അംഗമായിരുന്നു പിഡബ്ല്യുജി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) നക്സൽബാരി, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ, റവല്യൂഷനറി കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ്), റവല്യൂഷനറി കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്നിവരായിരുന്നു ഇതിൽ അംഗങ്ങളായ മറ്റ് ഇന്ത്യൻ പാർട്ടികൾ.

നന്ദുവിൽനിന്ന് പാപ്പണ്ണയിലേക്ക്

പിഡബ്ല്യുജിയിൽ അംഗമായ നന്ദു പിന്നീട് നിരവധി സായുധ പോരാട്ടങ്ങളിൽ പങ്കാളിയായി. ഗാലികൊണ്ട, കോരുകൊണ്ട ഏരിയ കമ്മിറ്റികളുടെ സെക്രട്ടറി കൂടിയായിരുന്നു നന്ദു. വൈകാതെ പൊലീസ് രേഖകളിൽ സായുധ പോരാട്ടത്തിന്റെ ഏരിയാ കമാൻഡർ നന്ദുവിന്റെ പേര് പ്രത്യക്ഷപ്പെട്ടു. ഇവിടെ നിന്നായിരുന്നു ‘പല്ലൊജുല പരമേശ്വര റാവു’ എലിയാസ് ‘നന്ദു’ എലിയാസ് ‘പാപ്പണ്ണ’യുടെ തുടക്കം. ഇതിനിടെ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി എന്നിവരെ വധിക്കുമെന്ന് പിഡബ്ല്യുജി പ്രഖ്യാപിച്ചു. 2004 ൽ, പാപ്പണ്ണ അംഗമായ പിഡബ്ല്യുജി സംഘടനയും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യയും ലയിച്ചു. ഇതോടെയാണ് ഇന്ന് കാണുന്ന സിപിഐ (മാവോയിസ്റ്റ്) സംഘടന പിറവി കൊള്ളുന്നത്.

ഗറില്ല യുദ്ധവും കീഴടങ്ങലും

പതിയിരുന്നുള്ള ‘ഗറില്ല’ ആക്രമണ രീതിയാണ് പാപ്പണ്ണയെ ആന്ധ്രാ പൊലീസിന്റെ നോട്ടപ്പുള്ളിയാക്കിയത്. സിപിഐയുടെ (മാവോയിസ്റ്റ്) താനാദവ, ശബരി, കലിമേല, ഗാൽകൊണ്ട തുടങ്ങിയ ദളങ്ങളിൽ 26 വർഷത്തോളം പാപ്പണ്ണ പ്രവർത്തിച്ചു. 2011 മാർച്ച് 27ന് നടന്ന ഏറ്റുമുട്ടലിനിടെ പാപ്പണ്ണ വിശാഖപട്ടണം പൊലീസിനു കീഴടങ്ങി. വൈകാതെ ജയിൽമോചിതനായി. തുടർന്ന് നിരവധി സായുധ പോരാട്ടങ്ങളിൽ പങ്കെടുത്തു. ഇതിനിടെ ആന്ധ്രാ പൊലീസ് പാപ്പണ്ണയുടെ തലയ്ക്ക് മൂന്നു ലക്ഷം രൂപ വിലയിടുകയും ചെയ്തു.

ആന്ധ്രയുടെ നോട്ടപ്പുള്ളി; തെലങ്കാനയുടെയും

2014ലെ ആന്ധ്രാ വിഭജനത്തിനു ശേഷം തെലങ്കാന കേന്ദ്രീകരിച്ചായിരുന്നു പാപ്പണ്ണയുടെ പ്രവർത്തനം. ഇടയ്ക്ക് ആന്ധ്രാപ്രദേശിലും പാപ്പണ്ണയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതോടെ ആന്ധ്രാ പൊലീസിന്റെയും തെലങ്കാന പൊലീസിന്റെയും പ്രധാന നോട്ടപ്പുള്ളിയായി കമാൻഡർ പാപ്പണ്ണ മാറി. ഇതിനിടയിലാണ് ഞായറാഴ്ച പുലർച്ചെ തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാപ്പണ അടക്കം ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിഭാഗത്തിന്റെ യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡറായിരുന്നു കൊല്ലപ്പെടുമ്പോൾ പാപ്പണ്ണ.

ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെലങ്കാന പൊലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്. രണ്ടു സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ വർഷങ്ങളോളം മുൾമുനയിൽ നിർത്തിയ മാവോയിസ്റ്റ് നേതാവാണ് ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

English Summary:

From Student Activist to Feared Maoist: Pallojula Parameswara Rao alias Nandu alias Pappanna, the most dangerous Maoist leader in the Andhra-Odisha Border (AOB) , was killed in an encounter with Telangana police on Sunday morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com