കമാൻഡർ പപ്പണ്ണ അടക്കം 7 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; വൻ ആയുധശേഖരം പിടിച്ചെടുത്ത് തെലങ്കാന പൊലീസ്
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു പൊലീസ് വൻ ആയുധശേഖരവും പിടികൂടി. എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുക്കൾ, എന്നിവയാണ് പിടിച്ചെടുത്തത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പപ്പണ്ണയടക്കം ഏഴു പേരും സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
നവംബർ 22ന് ചത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അയൽ സംസ്ഥാനമായ തെലങ്കാനയിലും സമാനമായ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. ചത്തീസ്ഗഡിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ തെലങ്കാനയിൽ എത്തി വീണ്ടും സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.