ADVERTISEMENT

തിരുവനന്തപുരം ∙ സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കത്ത്. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ സിഎജി സമർപ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മേയിൽ സര്‍ക്കാര്‍ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കത്തിൽനിന്ന്:

ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മേയ് മാസത്തില്‍ സര്‍ക്കാര്‍ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്. 

സര്‍ക്കാര്‍ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്റ്റ് വെയറായ സേവനയും ഒത്തുനോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്. സർവീസില്‍ തുടരവെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ  ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളിൽ ചില ഗുരുതര പോരായ്മകള്‍ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

English Summary:

Welfare Pension Fraud : Opposition leader V.D. Satheesan demands Kerala government release names of employees receiving social security pensions illegally, highlighting CAG report findings and urging action against fraud.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com