‘ജി.സുധാകരൻ സത്യസന്ധൻ, സ്നേഹവും ബഹുമാനവും എടുത്തുപറയണം; പോയത് മോദിയുടെ ആഹ്വാനപ്രകാരം’
Mail This Article
തൃശൂർ∙ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേർന്നാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ വീട്ടിൽ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി.സുധാകരൻ. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സുധാകരന്‍റെ മനസ്സ് പകുതി ബിജെപിക്കാരന്‍റേത് കൂടിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം സുധാകരൻ അംഗീകരിക്കുന്നുണ്ട്. ഞങ്ങൾ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയിൽ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാനാവില്ല. തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സിപിഎം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്‍റെ നേതാക്കൾ സിപിഎമ്മിനുള്ളിൽ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഞങ്ങൾ സംസാരിച്ചു. എല്ലാം സുധാകരൻ മൗനമായി കേട്ടുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്നലെ തളിപ്പറമ്പിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിലാണ് സുധാകരനെ കണ്ടെന്ന് ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ഇന്നലെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിലെത്തി കണ്ടത് ചർച്ചയായതിനു പിന്നാലെ ആയിരുന്നു ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.