ADVERTISEMENT

കോട്ടയം∙ സംസ്ഥാനത്ത് ഇന്ന് വലിയ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ശബരിമലയിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം ഈ മഴയോടെ വിലയിരുത്താനാകുമെന്നും കേരള കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ. തമിഴ്നാട്ടിലെ ചുഴലിക്കാറ്റിൽ കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ രണ്ടു ദിവസം ഇവിടെ കനത്ത മഴയുണ്ടാകും. കാലാവസ്ഥാ പ്രവചനം നൂറു ശതമാനം കൃത്യതയോടെ ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്നും നീത പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കേരള സെന്ററിന്റെ ആദ്യ വനിതാ ഡയറക്ടറാണ് നീത. നേരത്തേ കൊച്ചി കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനത്തില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നീത കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും മഴയുടെ രീതിയെപ്പറ്റിയും മനോരമ ഓൺലൈനോട് സംസാരിക്കുന്നു. 

∙ ശബരിമലയിൽ കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനത്തിന്റെ പ്രവർത്തനം എങ്ങനെയാണ്?

പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ചാണ് അത് സ്ഥാപിച്ചത്. ഇതിനു മുൻപ് ശക്തമായ മഴ പെയ്തപ്പോൾ ശബരിമലയിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിൽ മറ്റു പ്രധാന തീർഥാടന കേന്ദ്രങ്ങളിലും കാലാവസ്ഥാ വകുപ്പ് ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ കാലാവസ്ഥാ പ്രവചനം നൽകുന്നതിനുള്ള പ്രാദേശിക കേന്ദ്രം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്നു മഴമാപിനികളാണിവ. അമർനാഥ്, ചാർധാം തീർഥാടനങ്ങൾക്കു ഞങ്ങൾ ഒരുക്കിയ സംവിധാനങ്ങൾക്കു സമാനമായാണ് ശബരിമലയിലും പ്രാദേശിക കാലാവസ്ഥാ പ്രവചനം നൽകുന്നത്. സ്ഥലവും മറ്റു സഹായങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ പ്രത്യേക ടീം അവിടെപ്പോയി മഴമാപിനിയുടെ പ്രവർത്തനത്തിൽ അധികൃതർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

∙ മഴമാപിനികൾ സ്ഥാപിച്ച ശേഷം പ്രതികരണങ്ങൾ എങ്ങനെയാണ്? 

 സ്ഥാപിച്ച ശേഷം ഒരു ദിവസം കുറച്ചു മഴ പെയ്തുവെന്നല്ലാതെ അവിടെ കാര്യമായ പെയ്ത്തുണ്ടായിട്ടില്ല. ഇന്ന് വലിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഇതിന്റെ പ്രവർത്തനം കൃത്യമായി അറിയാം. എന്തെങ്കിലും മാറ്റം വരുത്തണോ എന്നതടക്കം അപ്പോൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്നത് ട്രയലാണ്. തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നതു കണക്കിലെടുത്ത് ഡിസംബർ രണ്ടിനും മൂന്നിനും പല ജില്ലകളിലും നമ്മൾ റെഡ് അലർട്ടും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അതിനോട് അനുബന്ധിച്ച് ശബരിമലയിലും മഴയുണ്ടാകുമെന്നാണ് കരുതുന്നത്.

∙ ഭക്തർക്ക് കാലാവസ്ഥാമാറ്റം എങ്ങനെയാണ് അറിയാൻ കഴിയുക ? 

സ്വാമീസ് ചാറ്റ് ബോട്ട് ആപ്പിൽ കൃത്യമായി കാലാവസ്ഥ അപ്ഡേറ്റുകൾ ഉണ്ടാകും. മെസേജുകളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും അറിയിപ്പുകളുണ്ടാകും. കൂടുതൽ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കും. വയനാട്ടിൽ പുതിയ റഡാർ സ്ഥാപിക്കുന്നതു കൂടി ഇതിനൊപ്പം പറയണം. അതിന്റെ പ്രവർ‌ത്തനങ്ങൾ തുടങ്ങി. മിഷൻ മൗസം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

∙ തമിഴ്നാട്ടിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിനു ഭീഷണിയാകുമോ?

ആദ്യഘട്ടത്തിലെ തീവ്രതയേ അതിനുള്ളൂ. കേരളത്തിൽ കൂടുതൽ മഴയുണ്ടാകും. രണ്ടു ദിവസം മഴ കാണും, കാറ്റിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമി‌ല്ല. ഡിസംബർ രണ്ടിനും മൂന്നിനും എല്ലാ ജില്ലകളിലും ഓറഞ്ച് അല്ലെങ്കിൽ യെലോ അലർട്ടുകൾ കൊടുത്തിട്ടുണ്ട്.

∙ കേരളത്തിലെ കാലാവസ്ഥാ മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

 എല്ലായിടത്തും കാലാവസ്ഥ മാറിയിട്ടുണ്ട്. അല്ലാതെ കേരളത്തിൽ മാത്രം പ്രത്യേകിച്ചു മാറ്റമുണ്ടായിട്ടില്ല. ആഗോള താപനം തന്നെയാണ് പ്രധാന കാരണം. മഴ മാത്രമല്ല കാലാവസ്ഥാ മാറ്റം. ചൂടു കൂടുന്നതും തണുപ്പ് കൂടുന്നതുമെല്ലാം അതിൽപെടും. കഴിഞ്ഞ വർഷം കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടി വന്നു. 2018 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ എല്ലാ ജില്ലകളിലും ചൂട് കൂടുന്നതായാണ് കണക്ക്. അതിനുശേഷം ഇപ്പോൾ 6 വർഷം കഴിഞ്ഞു. അടുത്ത വേനൽക്കാലത്തും ചൂട് കൂടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാൽ ഔദ്യോഗികമായി അതിനെപ്പറ്റി പറയാറായിട്ടില്ല.

∙ മഴയുടെ രീതി സംസ്ഥാനത്ത് മാറുന്നുണ്ടോ? കാലാവസ്ഥാ മാറ്റത്തിൽ എന്താണ് മലയാളി ഏറ്റവും ശ്രദ്ധിക്കേണ്ടത്?

കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയധികം മഴ പെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ. പണ്ടെല്ലാം മണ്‍സൂണ്‍ മഴ എന്നാല്‍ സ്ഥിരതയുള്ള ചെറിയ മഴയായിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ മഴയുടെ രീതി മാറി. ഇങ്ങനെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും മണ്ണൊലിപ്പിനുമെല്ലാം കാരണമാകുന്നു. അതോടൊപ്പം വെളളം ഒഴുകിപ്പോകാനോ മണ്ണിലേക്ക് ഊര്‍ന്നിറങ്ങാനോ സാഹചര്യം ഇല്ലാത്തതും സാരമായി ബാധിക്കുന്നുണ്ട്. മഴയുടെ അളവ് കൂടിയതിനൊപ്പം, ചതുപ്പുകള്‍ നികത്തുന്നതും ഭൂമിയുടെ അശാസ്ത്രീയ ഉപയോഗവും പര്യാപ്തമല്ലാത്ത ഓടകളും ഇപ്പോഴത്തെ മഴക്കെടുതികള്‍ക്ക് കാരണമാണ്. പെട്ടെന്നു മഴയുണ്ടാകുന്നത് നമുക്ക് ഒരു ദിവസം മുൻപൊക്കെയേ പറയാൻ പറ്റൂ. സ്പെയിനിൽ ഉണ്ടായ വെള്ളപ്പൊക്കം തന്നെയാണ് ഉദാഹരണം. അത് അവരുടെ പ്രവചനങ്ങൾക്കൊക്കെ അപ്പുറമായിരുന്നു. 

∙ ഓഖി വന്ന സമയത്ത് കാലാവസ്ഥാ കേന്ദ്രത്തിനു നേരെ വലിയ ആക്ഷേപങ്ങളുണ്ടായിരുന്നല്ലോ? ഇപ്പോൾ അത്യാധുനിക ഉപകരണങ്ങൾ നമുക്കുണ്ടോ ?

അത് ഓഖിയുടെ പ്രത്യേകത കൊണ്ടാണ്. വളരെ പെട്ടെന്നാണ് ഓഖിയുണ്ടായതും തീവ്രത പ്രാപിച്ചതും. കേരളത്തിന് അടുത്തുകൂടി മുൻപ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. അതൊരു സാധാരണ കാര്യമായിരുന്നില്ല. ഇന്ത്യയുടെ കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം വളരെ ഭേദമാണ്. ലോകത്തെ മറ്റു കാലാവസ്ഥ ഏജൻസികൾക്കും ഓഖി പ്രവചിക്കാനോ ട്രാക്ക് ചെയ്യാനോ സാധിച്ചിരുന്നില്ല.

∙ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനങ്ങളെ സംബന്ധിച്ച് സാധാരണക്കാർക്കിടയിൽ ഇപ്പോഴും ആക്ഷേപമുണ്ടല്ലോ ?

കാലാവസ്ഥ പ്രവചനം നൂറു ശതമാനം കൃത്യതയോടെ ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കണം. നമ്മൾ പ്രകൃതിയുടെ മാറ്റങ്ങൾ നിരീക്ഷിക്കുകയാണ്. എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പഠിക്കാൻ പറ്റില്ല. വളരെ സങ്കീർണമായ കാര്യമാണത്. നൂറു ശതമാനം ശരിയായ ഉത്തരം ലഭിക്കില്ല. പല കാര്യങ്ങളിലും ശരാശരി കണക്കായിരിക്കും. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കടലുകളും നിരീക്ഷിക്കുന്നില്ലല്ലോ. കുറച്ചു ഭാഗങ്ങൾ മാത്രമാണ് നിരീക്ഷണത്തിന് എടുക്കുന്നത്. അത് സാധാരണയായി ചിത്രത്തിൽ ആക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ പല കാര്യങ്ങളും കണക്കിലേക്ക് കൊണ്ടുവരുമ്പോൾ പല വിട്ടുവീഴ്ചകളും വേണ്ടി വരും. തുലാവർഷ മഴ ഒരു ജില്ലയുടെ ഒരു ഭാഗത്ത് പെയ്യും, മറ്റൊരു ഭാഗത്ത് പെയ്യില്ല. അപ്പോൾ മഴ പെയ്യാത്ത ഭാഗത്ത് ഇരിക്കുന്ന ആൾ പറയും കാലാവസ്ഥ പ്രവചനം തെറ്റിയെന്ന്. അത് നമുക്ക് അനുഭവമുള്ളതാണല്ലോ. 

∙ മലയാളികൾ കാലാവസ്ഥ പ്രവചനങ്ങളെപ്പറ്റി ബോധവാന്മാരാണോ?

ജനങ്ങള്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. സ്‌കൂളുകളിലും ചെറിയ രീതിയിലെങ്കിലും കാലാവസ്ഥാ ശാസ്ത്രം പഠിപ്പിക്കുന്നു. പുതിയ തലമുറയ്ക്ക് ഇതിന്റെ ഗൗരവത്തെ കുറിച്ചറിയാം. മാത്രമല്ല എല്ലാവര്‍ക്കും കാലാവസ്ഥ സംബന്ധിച്ച അപ്‌ഡേറ്റ്‌സ് ലഭിക്കുന്നുണ്ട്. എഎംഡിക്ക് മോസം എന്ന ആപ്പുണ്ട്, ദുരന്ത നിവാരണ അതോറ്റിക്ക് സചേത് എന്ന ആപ്പുണ്ട്. ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന ലൊക്കേഷനിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അറിയാന്‍ പറ്റും. പണ്ട് നമുക്ക് മുന്നറിയിപ്പുകള്‍ എത്തിക്കാനുള്ള കമ്യൂണിക്കേഷന്‍ മാര്‍ഗങ്ങള്‍ പരിമിതമായിരുന്നു. ഓഖി മുതലാവാം മാധ്യമങ്ങളും കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ തയാറാവണം. വാട്‌സാപ് ഫോര്‍വേഡുകളായി പഴയ വിവരങ്ങള്‍ ലഭിച്ച പലരും ആശയക്കുഴപ്പത്തിലാവാറുണ്ട്. അതുകൊണ്ട് ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണം എന്നാണ് അഭ്യർഥന.

∙ കാലാവസ്ഥ എങ്ങനെയാണ് പ്രവചിക്കുന്നതെന്ന് സാധാരണക്കാർക്കു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറയാമോ ?

എല്ലാ രാജ്യങ്ങളും ഒരേസമയത്ത് അന്തരീക്ഷ നില രേഖപ്പെടുത്തുന്നുണ്ട്. നേരത്തേ ഗ്രീന്‍ വിച്ച് മീന്‍ ടൈം ആയിരുന്നു. ഇപ്പോള്‍ കോഓഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം (യുടിസി) ആണ്. 00 മണി യുടിസിയും 12 മണി യുടിസിയുമാണ് ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ സമയങ്ങള്‍. ഇന്ത്യയില്‍ രാവിലെ 8.30 നും വൈകുന്നേരം 5.30 നുമാണ് ഏറ്റവും പ്രധാനമായി നിരീക്ഷണം നടക്കുന്നത്. ദിവസേന നാലു പ്രാവശ്യം എല്ലാ രാജ്യങ്ങളും നിരീക്ഷണം നടത്തുന്നു. 0 യുടിസി, 6 യുടിസി, 12 യുടിസി, 18 യുടിസി, വീണ്ടും 0 യുടിസി എന്നിങ്ങനെയാണത്. ഇടയ്ക്കുള്ള മൂന്നു മണിക്കൂറിലും കാലാവസ്ഥാ നില എടുക്കാറുണ്ട്.

ഈ നിരീക്ഷണങ്ങളെല്ലാം ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് വഴി എല്ലാ രാജ്യങ്ങളിലുമുള്ള കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ക്ക് കിട്ടുന്നുണ്ട്. നമ്മുടെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) നിരീക്ഷണം ബാക്കിയുള്ള രാജ്യങ്ങളുമായും പങ്കുവയ്ക്കുന്നുണ്ട്. ഈ ഡേറ്റ കൈമാറുന്നതിനു മറ്റ് നിയന്ത്രണങ്ങളൊന്നുമില്ല. ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് ചാര്‍ട്ട് തയാറാക്കുക. ഈ ഡേറ്റ വിശകലനം ചെയ്താണ് കാലാവസ്ഥയുടെ പാറ്റേണ്‍ മനസ്സിലാക്കുന്നത്. അതേസമയം ന്യൂമറിക്കല്‍ വെതര്‍ പ്രഡിക്‌ഷന്‍ മോഡല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചും നടത്തുന്നു. ഇതു രണ്ടും വിശകലനം ചെയ്താണ് കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നത്.

∙ നീതയുടെ ഔദ്യോഗിക ജീവിതം, കുടുംബം?

തൊടുപുഴ സ്വദേശിയാണ്. കുസാറ്റില്‍നിന്ന് കാലാവസ്ഥാ ശാസ്ത്രത്തില്‍ എംഎസ്‌സിയും എംടെക്കും പൂര്‍ത്തിയാക്കിയ ശേഷമാണ് ഐഎംഡി മെറ്റീരിയോളജിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത്. 2000 ൽ പുണെയില്‍ വെതര്‍ ഫോര്‍കാസ്റ്ററായിട്ടാണ് തുടക്കം. ഏവിയേഷന്‍ വെതര്‍ ഫൊര്‍കാസ്റ്റിങ്, മറൈന്‍ വെതര്‍ ഫോര്‍കാസ്റ്റിങ്, സൈക്ലോണ്‍ വെതര്‍ വാണിങ് തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞ 25 വര്‍ഷം പ്രവര്‍ത്തിച്ചത്. ഭർത്താവ് ബ്രിഗേഡിയർ റിട്ട. മോഹനൻ പിള്ളയുടെ വീട് ചങ്ങനാശ്ശേരിയിലാണ്. ഞങ്ങൾ തിരുവനന്തപുരത്താണ് താമസം.

English Summary:

Kerala Prepares for Heavy Rainfall: The Indian Meteorological Department (IMD) predicts heavy rainfall in Kerala today. IMD Kerala Director Neetha K. Gopal emphasizes the effectiveness of weather monitoring systems in Sabarimala amidst this downpour. While a cyclone threat is ruled out, two days of heavy rainfall are expected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com