‘ന്യായമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വേണം’: കർഷകർ വീണ്ടും പ്രക്ഷോഭത്തിന്, ഡൽഹിയിലേക്ക് മാർച്ച്
Mail This Article
ന്യൂഡൽഹി ∙ കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർച്ചെന്ന് ഭാരതീയ കിസാൻ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീർ ഖലീഫ പറഞ്ഞു.
‘‘ഡൽഹിയിലേക്കുള്ള മാർച്ചിന് ഞങ്ങൾ തയാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തുകയും പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും ചെയ്യും’’ – സുഖ്ബീർ ഖലീഫ പറഞ്ഞു.
ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 6ന് മാർച്ചിനൊപ്പം ചേരുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ഇത്. കർഷക നേതാക്കളായ സത്നാം സിങ് പന്നു, സുരീന്ദർ സിങ് ചൗട്ടാല, സുർജിത് സിങ് ഫുൽ, ബൽജീന്ദർ സിങ് എന്നിവരാണ് മാർച്ച് നയിക്കുന്നത്.