ബ്രിക്സ് കറൻസിയിൽ ഇന്ത്യയുടെ നിലപാട് എന്ത്?; എം.കെ.രാഘവന്റെ ചോദ്യത്തിന് മറുപടി നൽകാതെ ധനമന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ യുഎസ് ഡോളറിന് വെല്ലുവിളി ഉയർത്താനുതകുന്ന തരത്തിൽ ബ്രിക്സ് കറൻസി അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ബ്രിക്സ് കറൻസി സംബന്ധിച്ച് അംഗരാജ്യമായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയം.
ബ്രിക്സ് കറൻസി അവതരിപ്പിക്കുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് ധനകാര്യ മന്ത്രാലയം വ്യക്തമായ മറുപടി നൽകാതിരുന്നത്. 2024 ബ്രിക്സ് ഉച്ചകോടിയിൽ ആതിഥേയ രാജ്യമായ റഷ്യ, ബ്രിക്സ് കറൻസി എന്ന ആശയം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് മാത്രമാണ് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. എന്നാൽ ഈ ആശയത്തോട് ഇന്ത്യ യോജിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ മന്ത്രാലയം തയാറായില്ല.
ഡോളറിനെ ഒഴിവാക്കിക്കൊണ്ടുള്ള ബ്രിക്സ് രാജ്യങ്ങളുടെ വ്യാപാര നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഏതെങ്കിലും തരത്തിൽ നീക്കമുണ്ടായാൽ ബ്രിക്സ് രാജ്യങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന കൂടി വന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ വ്യക്തതയില്ലാത്ത മറുപടി.