‘സ്വകാര്യ താൽപര്യം സംരക്ഷിക്കാനല്ല അധികാരം’: ഇത് ഇഷ്ടക്കാരെ തിരുകി കയറ്റിയ സർക്കാരിനേറ്റ തിരിച്ചടി
Mail This Article
തിരുവനന്തപുരം∙ ചട്ടങ്ങൾ മറികടന്ന് ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകി കയറ്റിയ മന്ത്രിസഭാ തീരുമാനത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. അന്തരിച്ച മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച്, റദ്ദാക്കിയ നിയമനത്തിന് അംഗീകാരം ലഭിക്കാനാണ് സർക്കാർ സുപ്രീംകോടതിയിൽ പോയതും വീണ്ടും തിരിച്ചടി ഏറ്റു വാങ്ങിയതും.
കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി ഗസറ്റഡ് തസ്തികയിലാണ് ആശ്രിത നിയമനം നൽകിയത്. 2018ൽ മന്ത്രിസഭ തീരുമാനിച്ച പ്രകാരമായിരുന്നു നിയമനം. ജനപ്രതിനിധികളുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സർക്കാർ ജോലികളിൽ നിയമിക്കുന്നതിലേക്കു കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നു ഹൈക്കോടതി രൂക്ഷമായി വിമർശിച്ച കേസിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
എംഎൽഎയുടെ ആശ്രിതന് ജോലി നൽകിയതിൽ പരാതിക്കാരന് ദോഷമായി ഒന്നുമില്ലെന്നും പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ നിയമനം അംഗീകരിക്കുന്നതു സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകുമെന്നും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിലേക്കും അതിലൂടെ സാമൂഹിക വിവേചനങ്ങൾക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു.
ഇങ്ങനെ സംഭവിക്കുന്നതു സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും ലംഘിക്കുന്നതിനു തുല്യമാണെന്നും സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ ഭരണഘടന അവകാശത്തിന്റെ നിഷേധമായിരിക്കുമെന്നും ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നീതിപൂർവവും നിഷ്പക്ഷവുമായി നിയമനം നടത്തുമ്പോൾ ഉദ്യോഗാർഥിയുടെ സാഹചര്യം മാത്രമല്ല, ഭരണഘടനയും സർക്കാരുണ്ടാക്കിയ ചട്ടങ്ങളും ശ്രദ്ധിക്കണം. ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയും സ്വകാര്യ താൽപര്യം സംരക്ഷിക്കാനല്ല അധികാരം ഉപയോഗിക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇഷ്ടാനുസരണം അസാധാരണമായി അധികാരം ഉപയോഗിക്കാനാവില്ല. സർക്കാർ ജോലി ഉറപ്പാക്കാൻ ആത്മാർഥമായ തയാറെടുപ്പ്, എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയ നടപടികളിലൂടെ കടന്നുപോകണം. എന്നാൽ എംഎൽഎയുടെ മകനെന്നതു പരിഗണിച്ചും ആശ്രിത നിയമനം വേണമെന്നതിന്റെ അടിസ്ഥാനത്തിലും ഇതെല്ലാം മറികടന്നെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച നിയമങ്ങൾ ലംഘിച്ചാണു നിയമനം. ഇക്കാര്യത്തിൽ പൊതുതാൽപര്യം ഇല്ലെന്നും വ്യക്തിപരമായ പരിഗണന മാത്രമാണുള്ളതെന്നും കോടതി പറഞ്ഞു.
ആശ്രിത നിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി. മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ നിയമന കാര്യത്തിലാണെങ്കിലും ഒഴിവുണ്ടെങ്കിൽ ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമേ ആശ്രിതജോലി അനുവദിക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമനത്തിനെതിരെ ലോകായുക്തയിലും പരാതി ലഭിച്ചിരുന്നു. എന്നാൽ മന്ത്രിസഭ നടത്തിയ നിയമനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത ഹർജി തള്ളുകയായിരുന്നു.