‘എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകും?’: ആർ. പ്രശാന്തിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഈ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എംഎൽഎയുടെ മകന് എങ്ങനെ ആശ്രിതനിയമനം നൽകുമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എംഎൽഎയുടെ മരണത്തെ തുടർന്നാണ് മകനും എൻജിനീയറിങ് ബിരുദധാരിയുമായ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ചത്. ഈ നിയമനം പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതേസമയം, ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യവും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.