‘ബിജെപിയില്‍ പോയാലും കുഴപ്പമില്ല, മകൻ പോലും ഒപ്പമില്ല’: മധു മുല്ലശ്ശേരിയെ പുറത്താക്കാൻ സിപിഎം
Mail This Article
തിരുവനന്തപുരം ∙ മംഗലപുരത്തെ വിഭാഗീയതയില്‍ നടപടിയെടുക്കാൻ സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.
മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനു സിപിഎമ്മിന് അതിന്റേതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചാരണങ്ങളാണ്. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും ജോയ് പറഞ്ഞു.
എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. ഈ നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വി. ജോയ് ജില്ലാ സെക്രട്ടറി ആയതു മുതല്‍ തന്നോട് അവഗണന കാണിച്ചു. ജോയ് പറയുന്നത് മുഴുവന്‍ കള്ളമാണ്. സ്ഥാനം കിട്ടാത്തതല്ല പ്രശ്‌നം. നേതൃത്വത്തോട് എതിര്‍പ്പുള്ളവരുടെ പിന്തുണയുണ്ടെന്നും മധു പറഞ്ഞു.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ജോയി നടത്തിവരുന്നത്. മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു വെളിപ്പെടുത്തി.