വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാമെന്ന് വിഡിയോ; തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ കേസ്
Mail This Article
മുംബൈ∙ വോട്ടിങ് യന്ത്രം (ഇവിഎം) തനിക്ക് ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെട്ടയാൾക്കെതിരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. സഈദ് ഷുജ എന്നയാൾക്കെതിരെയാണ് കേസ്.
ഇവിഎമ്മിൽ നുഴഞ്ഞുകയറാൻ കഴിയുമെന്ന് അവകാശപ്പെട്ട് ഇയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ ഒട്ടേറെപ്പേർ പങ്കുവച്ചത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണു പരാതി നൽകിയത്. അടിസ്ഥാനരഹിതമായ അവകാശവാദമാണ് ഷുജയുടേതെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചു. സമാന അവകാശവാദമുന്നയിച്ചു പ്രചാരണം നടത്തിയെന്ന് ആരോപിച്ച് 2019ൽ കമ്മിഷന്റെ പരാതിയിൽ ഇയാൾക്കെതിരെ ഡൽഹിയിലും കേസെടുത്തിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാൽ, വൈഫൈ, ബ്ലൂടൂത്ത് എന്നിവയടക്കം ഒരു നെറ്റ്‌വർക്കുമായും ബന്ധിപ്പിക്കാത്ത ഇവിഎം മെഷീനിൽ നുഴഞ്ഞുകയറ്റം സാധ്യമല്ലെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.