‘മാനസിക സമ്മർദം, ഇനി ജീവിക്കേണ്ട’: ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്തു
Mail This Article
സൂററ്റ്∙ ബിജെപി വനിതാ നേതാവ് ദീപിക പട്ടേലി (34)നെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സൂററ്റിലെ മഹിളാ മോർച്ച നേതാവാണ് ദീപിക. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. മരണത്തിന് മുൻപ് കോർപ്പറേറ്ററും സുഹൃത്തുമായ ചിരാഗ് സോലങ്കിയെ ദീപിക ഫോൺ ചെയ്തിരുന്നതായാണ് വിവരം. കടുത്ത മാനസിക സമ്മർദത്തിലാണെന്നും ജീവിക്കാൻ താൽപര്യമില്ലെന്നുമാണ് ദീപിക പറഞ്ഞത്. ചിരാഗ് സോലങ്കിയും അവരുടെ കുടുംബവും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചിരാഗും കുടുംബവും വീട്ടിലെത്തുമ്പോൾ ദീപികയുടെ മുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു. മൂന്നു മക്കൾ വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്നു. ചിരാഗ് വാതിൽ ചവിട്ടി തുറന്നപ്പോൾ ദീപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)