തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം; 13 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച ജലവിതരണം മുടങ്ങും
Mail This Article
തിരുവല്ല ∙ ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടുത്തം. അടുത്ത ഒരാഴ്ച 3 ജില്ലകളിലായി 13 തദ്ദേശ സ്ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്ഫോമറിനു കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 11 പഞ്ചായത്തുകളിലെയും ജലവിതരണം മുടങ്ങി.
ഇന്നു രാവിലെ 6നാണു സംഭവം. കല്ലിശ്ശേരി, കറ്റോട് പമ്പ് ഹൗസുകളിൽ നിന്നെത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ചശേഷം വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സംഭരണിയിലേക്ക് പമ്പു ചെയ്തു കയറ്റുന്ന പമ്പ് ഹൗസിലെ കേബിളുകളാണ് കത്തിപ്പോയത്. ഓരോ സ്ഥലത്തേക്കും വെള്ളം പമ്പു ചെയ്യുന്നതിന് 6 പമ്പുകളാണ് ഇവിടെയുള്ളത്. പമ്പുകൾക്ക് തകരാർ ഇല്ലെന്നു കരുതുന്നതായി അധികൃതർ അറിയിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്. എടത്വാ, തലവടി എന്നീ പഞ്ചായത്തുകളിലേക്കും ഇവിടെ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.
ജല അതോറിറ്റി സമുച്ചയത്തിലെ ഓൾഡ് കുട്ടനാട് പമ്പ്ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 2 ഓപ്പറേറ്റർമാരും 2 അസിസ്റ്റന്റുമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് അപകടമൊന്നും സംഭവിച്ചില്ല. പമ്പ് ഹൗസിനു പുറത്തെ കേബിളുകളിൽ നിന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയും പുക ഉയരുകയും തീ ആളിപ്പടരുകയും ആയിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.