നീല ട്രോളി ബാഗിൽ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
Mail This Article
പാലക്കാട്∙ കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ട്രോളി ബാഗിൽ പണം കടത്തിയതിനു തെളിവു ലഭിച്ചില്ലെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. നീല ട്രോളി ബാഗിൽ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ പെട്ടിയുമായി നീങ്ങുന്ന ദൃശ്യം സിപിഎം പുറത്തുവിട്ടു. പിന്നാലേ കലക്ടർക്കും എസ്പിക്കും സിപിഎം പരാതി നൽകി. ആരോപണം നിഷേധിച്ച കോൺഗ്രസ് തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ചു. ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ തന്നെ ആഭിപ്രായ ഭിന്നതയുണ്ടായി. ട്രോളി ബാഗിന് പിന്നാലെ പോകേണ്ടതില്ലെന്നായിരുന്നു ഒരു വിഭാഗം സിപിഎം നേതാക്കളുടെ നിലപാട്.
കള്ളപ്പണം പരിശോധിക്കാനെന്ന പേരിൽ മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, എഐസിസി അംഗം ബിന്ദുകൃഷ്ണ എന്നിവരുടെ മുറികളിൽ പരിശോധന നടത്തിയത് പൊലീസിന് നാണക്കേടായി മാറി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കിടെ പണം ലഭിച്ചില്ല. പണമൊന്നും ലഭിച്ചില്ലെന്ന് പൊലീസിന് കോൺഗ്രസ് നേതാക്കൾക്ക് എഴുതി നൽകേണ്ടിവന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് ആദ്യം എത്തിയത്.
ഷാനിമോൾ എതിർപ്പുന്നയിച്ചപ്പോൾ വനിതാ പൊലീസിനെ എത്തിച്ചു. കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയപ്പോൾ സിപിഎം, ബിജെപി നേതാക്കൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് കോൺഗ്രസ് വനിതാ നേതാക്കളുടെ വസ്ത്രങ്ങളടങ്ങിയ പെട്ടികൾ വലിച്ചു നിലത്തിട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ആളുടേതായിരുന്നു ഹോട്ടൽ. പണപ്പെട്ടി സംബന്ധിച്ച പരാതിയിൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ പരാക്രമമാണ് ഹോട്ടലിൽ നടന്നതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സ്ത്രീ എന്ന നിലയിൽ സ്വതന്ത്രമായി താമസിക്കാനുള്ള, രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യത്തിലേക്ക് പൊലീസ് കടന്നു കയറ്റം നടത്തി. അത് ഈ റിപ്പോർട്ടിൽ തീരില്ല. പൊലീസ് നടപടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.