പഴയ കാർ, എബിഎസും എയർബാഗുമില്ല, മഴയിൽ കാഴ്ച മങ്ങി: ആലപ്പുഴയിലെ അപകടത്തിനു കാരണങ്ങൾ
Mail This Article
ആലപ്പുഴ ∙ ശക്തമായ മഴ, കാറിൽ കയറാവുന്നതിലും അധികം യാത്രക്കാർ, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയവയാണ് ആലപ്പുഴയിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച അപകടത്തിനു കാരണമെന്ന് ആലപ്പുഴ ആർടിഒ എ.കെ.ദിലു. കാറിന്റെ പഴക്കമാണ് പ്രധാന കാരണം. 11 വർഷം പഴക്കമുണ്ട് കാറിന്. ഏഴു പേർക്കു കയറാവുന്ന വണ്ടിയിലുണ്ടായിരുന്നത് 11 പേരാണ്. കളർകോട്ട് ഇന്നലെ രാത്രി കെഎസ്ആർടിസി ബസിൽ കാറിടിച്ചായിരുന്നു അപകടം. വാടകയ്ക്ക് എടുത്ത കാറിൽ സിനിമ കാണാൻ പോകുകയായിരുന്നു വിദ്യാർഥികൾ.
പഴയ വാഹനം; ബോഡി ദുർബലം
പഴക്കമുള്ള വാഹനത്തിന്റെ ബോഡിയുടെ ശക്തി കുറയുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ചെറിയ ഇടി പോലും താങ്ങാനാകില്ല. ബ്രേക്കിന്റെ ശേഷിയും കുറയും. ഗ്ലാസിലൂടെയുള്ള കാഴ്ചയ്ക്കു വ്യക്തത ഇല്ലാതാകും. വൈപ്പർ ഉണ്ടെങ്കിലും ഗ്ലാസിൽ വെള്ളം തങ്ങി നിൽക്കും. ടയറിന്റെ തേയ്മാനം കാരണം വാഹനം വേഗത്തിൽ തെന്നിമാറും. കനത്ത മഴയിൽ ഡ്രൈവർക്കു റോഡ് കൃത്യമായി കാണാൻ കഴിഞ്ഞിരിക്കില്ലെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
എതിരെ വന്ന വാഹനം ഏതെന്നു കൃത്യമായി മനസ്സിലാകാതെ കാർ വലത്തേക്കു വെട്ടിത്തിരിച്ചപ്പോൾ ബസിനു മുന്നിലേക്കെത്തുകയായിരുന്നു. കാർ 90 ഡിഗ്രി തിരിഞ്ഞാണ് ബസിൽ ഇടിച്ചത്. ബസുമായി ഇടിച്ച ഭാഗത്തിന്റെ മറുവശത്തായതിനാലാണ് കാറിന്റെ ഡ്രൈവർ സുരക്ഷിതനായത്. കാറിൽ തിങ്ങി ഞെരുങ്ങി ഇരുന്നവർക്ക് ഇടിയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റിരിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആളുകൾ കൂടുതൽ; എബിഎസ് ഇല്ല
അപകടത്തിന്റെ ‘ഹിറ്റ് പോയിന്റ്’ കോ ഡ്രൈവറുടെ മുകളിലായി വരുന്ന ആർച്ച് ഭാഗത്താണെന്ന് എ.കെ.ദിലു പറഞ്ഞു. അതിനാലാണ് കാറിന്റെ മുകൾഭാഗം അകത്തേക്കു വളഞ്ഞത്. ഏറ്റവും ആഘാതം ഏറ്റിരിക്കുക കോ ഡ്രൈവർക്കായിരിക്കും. വാഹനത്തിലിരുന്നവർ ഇടിയുടെ ആഘാതത്തിൽ മുന്നിലേക്കു തെറിച്ച് പരസ്പരം ഇടിച്ചിരിക്കാം. കാറിൽ 11 വിദ്യാർഥികളുണ്ടായിരുന്നു, ഇവർ തിങ്ങിഞെരുങ്ങിയാവും ഇരുന്നത്. പുറകിലെ സീറ്റിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇതെല്ലാം അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കാർ തെന്നി മാറി ഇടിച്ചതിനാലാണ് മറുവശത്തിരുന്ന ഡ്രൈവർ രക്ഷപ്പെട്ടത്. ഒരു മീറ്റർ കൂടി കാർ തെന്നിപ്പോയിരുന്നെങ്കിലോ വണ്ടി തെറിച്ചു പോയിരുന്നെങ്കിലും ഇടിയുടെ ആഘാതം കുറയുമായിരുന്നു.
കാറിൽ എയർബാഗ് സംവിധാനവും ഇല്ലായിരുന്നു. ഡ്രൈവർക്കു പരിചയക്കുറവ് ഉണ്ടായിരിക്കും. കാറിന് ആന്റി ലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനം ഇല്ലായിരുന്നു. പുതിയ വാഹനങ്ങളിൽ ഈ സംവിധാനം നിർബന്ധമാണ്. ആന്റി ലോക്ക് സംവിധാനമില്ലാത്തതിനാൽ വീൽ ലോക്കായി. പെട്ടെന്ന് ഒരു വസ്തു റോഡിൽ കണ്ട് വെട്ടിത്തിരിച്ചെന്നാണ് കാറിന്റെ ഡ്രൈവർ പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കും. സ്ഥലത്ത് ആ സമയത്ത് വന്നവർ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ആർടിഒ പറഞ്ഞു.
മഴ പെയ്തു നനഞ്ഞ റോഡിൽ കാർ തെന്നിയതാണ് അപകട കാരണമെന്ന് ഡിവൈഎസ്പി സുനിൽരാജ് പറഞ്ഞു. പതിവായി അപകടം നടക്കുന്ന സ്ഥലമല്ല അത്. വർഷങ്ങൾക്കു മുൻപ് ഒരു അപകടം ഉണ്ടായത് ചങ്ങനാശേരി ജംക്‌ഷനിലാണ്. മഴയിൽ ഡ്രൈവറുടെ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കാമെന്നും ഡിവൈഎസ്പി പറഞ്ഞു. വിശദമായ അന്വേഷണത്തിന് കലക്ടർ ആർടിഒയ്ക്ക് നിർദേശം നൽകി. പൊലീസും വിശദമായ അന്വേഷണം നടത്തും.