സിനിമയ്ക്കു പോവുന്നെന്നു പറഞ്ഞ് വിളിച്ചു, തിരിച്ചു വരുന്നത് ചേതനയറ്റ്; പൊലിഞ്ഞത് ഒരേയൊരു മകൻ
Mail This Article
പാലക്കാട്∙ ആലപ്പുഴയിലെ കാറപകടത്തിൽ ഏകമകന്റെ വേർപാടിൽ എന്തു പറയണമെന്നറിയാതെ വിങ്ങുകയാണ് ഈ അച്ഛനും അമ്മയും. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദിപ്. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ മകന്റെ ശബ്ദം ഇനിയൊരിക്കലും കേൾക്കാനാകില്ലെന്ന് കരുതിയാകില്ല അവർ ഫോൺ വച്ചത്.
ശ്രീദിപ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന യാഥാർഥ്യം ഈ അമ്മയ്ക്കും അച്ഛനും ഉൾക്കൊള്ളാനാകുന്നില്ല. സംസ്ഥാന ഹർഡിൽസ് താരം കൂടിയായ ശ്രീദിപ് രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. ഏക മകൻ ഡോക്ടറായി വരുന്നതും സ്വപ്നം കണ്ടിരുന്ന വീട്ടിലേക്ക് ഇനി എത്തുക അവന്റെ ചേതനയറ്റ ശരീരമാണ്.
പഠിക്കാൻ മിടുക്കനായ, നാടിന്റെ അഭിമാനമായ കായികതാരത്തിന്റെ വിയോഗത്തിൽ വിങ്ങുകയാണ് ഈ നാടാകെ. പോസ്റ്റ്‌മോർട്ടം നടപടികൾക്കും പൊതുദർശനത്തിനും ശേഷമാകും മൃതദേഹം ശേഖരിപുരത്തെ ‘ശ്രീവിഹാർ’ എന്ന വീട്ടിലേക്ക് എത്തിക്കുക.